
കോൺഡിഫെഡറേഷൻ കപ്പിൽ കാമറൂൺ ഓസ്ട്രേലിയ മത്സരം 1 – 1 സമനിലയിൽ അവസാനിച്ചു. വിരസമായ ആദ്യ പകുതിയുടെ അവസാനത്തിൽ കാമറൂൺ ആണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഓസ്ട്രേലിയ പെനാൽറ്റി ഗോളിലൂടെ മത്സരം സമനിലയിലാക്കുകയായിരുന്നു. കാമറൂണിന്റെ തടി മിടുക്കിനു മുൻപിൽ പലപ്പോഴും ഓസ്ട്രേലിയ പിറകിലായെങ്കിലും ഗോൾ നേടുന്നതിൽ കാമറൂൺ പരാജയമായി.
ആദ്യ പകുതി ഗോൾ രഹിതമാവുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് കാമറൂൺ ഗോൾ നേടി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചത്. മബൂകയുടെ ലോങ്ങ് പാസിൽ നിന്ന് സമ്പോ അംഗിസ്സയാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ മികച്ച തുടക്കം ലഭിച്ച ഓസ്ട്രേലിയ ഗോൾ നേടാനുറച്ച് തന്നെയായിരുന്നു. അതെ സമയം ലീഡ് ഉയർത്താനുള്ള മികച്ച അവസരം കാമറൂൺ നഷ്ട്ടപെടുത്തിയതും ഓസ്ട്രേലിയക്ക് തുണയായി.
59ആം മിനുട്ടിലാണ് ഗേർസ്ബാഷിനെ ഫൗൾ ചെയ്തതിന് ഓസ്ട്രേലിയക്ക് അനുകൂലമായി റഫറി പെനാൽറ്റി വിളിച്ചത്. വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായത്തോടെയായിരുന്നു റഫറി പെനാൽറ്റി ഉറപ്പിച്ചത്. പെനാൽറ്റി എടുത്ത മില്ലിഗൻ ഗോളാക്കി ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു. തുടർന്ന് ഇരു ടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾ മാത്രം നേടാൻ ഇരുടീമുകൾക്കുമായില്ല.
ഇതോടെ ഇരുടീമുകളും ഏകദേശം ടൂർണമെന്റിൽ നിന്ന് പുറത്തായി. അവസാന മത്സരത്തിൽ ചിലിയെയും ജർമനിയെയും നേരിടുന്ന ഇരു ടീമുകൾക്കും അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ സെമി ഫൈനൽ സാധ്യതയുള്ളൂ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial