ഇംഗ്ലീഷ് ഫുട്ബോൾ സീസണിന് ആവേശ തുടക്കം, കമ്യുണിറ്റി ഷീൽഡിൽ ഇന്ന് ലണ്ടൻ ഡർബി

ലോകം ഉറ്റുനോക്കുന്ന ഇംഗ്ലീഷ് ഫുട്ബാൾ സീസണിന്‌ ഇന്നത്തെ കമ്മ്യുണിറ്റി ഷീൽഡ് മത്സരത്തോടെ തുടക്കമാവും. പ്രീമിയർ ലീഗ് ജേതാക്കളായ ചെൽസി വെംബ്ലി സ്റ്റേഡിയത്തിൽ എഫ് എ കപ്പ് ജേതാക്കളായ ആഴ്സണലിനെ നേരിടുന്നതോടെ ഫുട്ബാൾ ആവേശത്തിന് ഔദ്യോഗിക തുടക്കമാവും. എഫ് എ കപ്പ് ഫൈനലിൽ ഏറ്റ തോൽവിക്ക് പക വീട്ടാൻ ചെൽസി ഇറങ്ങുമ്പോൾ ആഴ്സണലിന് കാര്യങ്ങൾ എളുപ്പമാവാൻ ഇടയില്ല. ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 6.30 നാണ് ലണ്ടനിലെ കൊമ്പന്മാർ തമ്മിൽ ഏറ്റുമുട്ടുക.

താരതമ്യേന സമ്മിശ്ര പ്രീ സീസണിൽ നിന്നാണ് ഇരു ടീമുകളും ഇന്ന് കളത്തിൽ ഇറങ്ങുന്നത്. പ്രീ സീസണിൽ ചെൽസി ജയിച്ച ഏക മത്സരം ആഴ്സണലിനെതിരെ ബീജിംഗിൽ നടന്ന മത്സരത്തിലായിരുന്നു എന്നത് നീലപടക്ക് ആത്മവിശ്വാസമാവും. എന്നാൽ എഫ് എ കപ്പ് ഫൈനലിൽ പുറത്തെടുത്ത അസാമാന്യ പോരാട്ട വീര്യം പുറത്തെടുക്കാനാവും വെങ്ങറിന്റെ ടീമിന്റെ ശ്രമം. അന്ന് 2-1 ന് ചെൽസിയെ തോൽപിച്ചാണ് ആർസെൻ വെങ്ങർ തന്റെ മാനം കാത്തത്. നേരത്തെ 2015 ലെ കമ്യുണിറ്റി ഷീൽഡ് മത്സരത്തിലും ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ ആഴ്സണലിനായിരുന്നു ജയം. അന്ന് ആ തോൽവിയിൽ സീസൺ തുടങ്ങിയ ചെൽസി പിന്നീട് മൗറീഞ്ഞോയുടെ പുറത്താക്കലും 10 ആം സ്ഥാനത്തെ ഫിനിഷിങ്ങും ഒക്കെയായി പ്രതിസന്ധിയിൽ ആയിരുന്നു. അതുകൊണ്ടു തന്നെ ജയത്തോടെ സീസൺ തുടങ്ങി ആത്മവിശ്വാസത്തോടെ അടുത്ത ആഴ്ച പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിന് ഇറങ്ങാനാവും കോണ്ടേ ശ്രമിക്കുക.

ക്ലബ്ബ് റെക്കോർഡ് തുകയ്ക്കാണ് ഇരു ടീമുകളും പുത്തൻ സ്ട്രൈക്കർമാരെ ടീമിൽ എത്തിച്ചിരിക്കുന്നത്. പക്ഷെ ചെൽസിയുടെ പുത്തൻ സ്ട്രൈക്കർ ആൽവാരോ മൊറാത്ത ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന്‌ ഉറപ്പില്ല. ടീമിനൊപ്പം ഏറെയൊന്നും പരിശീലനം നടത്താൻ കഴിയാത്ത മൊറാത്തയെക്കാൾ മികച്ച ഫോമിലുള്ള ബാത്ശുവായിയെ കോണ്ടേ കളിപ്പിച്ചേക്കും. കൂടാതെ എഫ് എ കപ്പ് ഫൈനലിൽ ചുവപ്പ് കാർഡ് കണ്ട വിക്ടർ മോസസിന് പക്ഷെ ഈ മത്സരത്തിൽ കളിക്കാൻ ആവും എന്നത് കൊണ്ടേക്ക് ആശ്വാസമാവും. പക്ഷെ പ്രീമിയർ ലീഗിലെ ആദ്യ മത്സരം നൈജീരിയകാരന് കളിക്കാനാവില്ല. ചെൽസി നിരയിൽ പരിക്കേറ്റ ഈഡൻ ഹസാർഡ്,ബകയോക്കോ എന്നിവരും കളിക്കില്ല എന്ന് കോണ്ടേ അറിയിച്ചിട്ടുണ്ട്.

അലക്സി സാഞ്ചസ് ഏതാനും ദിവസങ്ങളായി ടീമിനൊപ്പം പരിശീലിക്കുന്നുണ്ടെങ്കിലും വെങ്ങറുടെ ആദ്യ ഇലവനിൽ സൂപ്പർ താരം ഉണ്ടാവുമോ എന്ന് കണ്ടറിയണം. സ്ട്രൈക്കർ ലകസറ്റേ ആദ്യ ഇലവനിൽ ഉണ്ടായേക്കും. ക്യാപ്റ്റൻ കോശിയെൻലിക്കും കളിക്കാൻ ആയേക്കും.

അവസാനം കളിച്ച 3 കമ്യുണിറ്റി ഷീൽഡ് മത്സരങ്ങളിലും തോറ്റ ചെൽസിക്ക് ഇത് ആ ചീത്തപ്പേര് മാറ്റാൻകൂടിയുള്ള അവസരമാണ്. ഏതായാലും വെംബ്ലിയിൽ മികച്ചൊരു പോരാട്ടം തന്നെയാവും അരങ്ങേറുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial