ക്ലബ് വേൾഡ് കപ്പിൽ റയൽ ഇന്നിറങ്ങുന്നു

യൂറോപ്പ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഇന്ന് ക്ലബ് വേൾഡ് കപ്പ് സെമി ഫൈനലിൽ അൽ ജസീറയ്ക്കെതിരെ ഇറങ്ങുന്നു. മൂന്നാം തവണയും ക്ലബ് വേൾഡ് കപ്പ് സ്വന്തമാക്കാനാണ് സിനദിൻ സിദാന്റെ റയൽ അബുദാബിയിൽ ബൂട്ടണിയുന്നത്. മൂന്നു തവണ ക്ലബ് വേൾഡ് കപ്പ് നേടിയ ഒരേ ഒരു ടീം ബാഴ്‌സലോണയാണ്. 2000 ൽ ക്ലബ് വേൾഡ് കപ്പ് ആരംഭിച്ചതിൽ പിന്നെ രണ്ടു തവണയാണ് ലോസ് ബ്ലാങ്കോസ് നേടിയത്. 2014 ലും 2016 ലും റയൽ ആയിരുന്നു ജേതാക്കൾ. ഇത്തവണയും കപ്പ് നേടിയാൽ തുടർച്ചയായി കപ്പു നേടുന്ന ആദ്യ ടീമെന്ന ഖ്യാതിയും റയലിന്റെ പേരിലാവും.

ക്ലബ് വേൾഡ് കപ്പ് മത്സരത്തിൽ ഫിഫയുടെ ആറ് കോൺഫെഡറേഷൻ ജേതാക്കളും ആതിഥേയരായ രാജ്യത്തിന്റെ ലീഗ് ജേതാക്കളും ആണ് പങ്കെടുക്കുന്നത്. ബൈയിലൂടെയാണ് റയൽ സെമിയിലേക്കെത്തിയത്. അൽ ജസീറ അറേബ്യൻ ഗൾഫ് ലീഗ് ചാമ്പ്യന്മാരാണ്. പ്ലേ ഓഫിൽ ന്യൂസിലൻഡിന്റെ ഓക്ക്‌ലാൻഡ് സിറ്റിയെയും ക്വാർട്ടറിൽ ജപ്പാന്റെ ഉറവ റെഡ് ഡയമണ്ട്സിനെയും തകർത്താണ് അൽജസീറ സെമിയിലേക്കെത്തിയത്. ക്ലബ് വേൾഡ് കപ്പ് ഇത്തവണ ജയിച്ചാൽ ഈ വർഷത്തെ റയലിന്റെ നാലാം ട്രോഫിയാകും അത്. ഇന്നത്തെ മത്സരം ജയിച്ചാൽ ഫൈനലിൽ റയൽ ഏറ്റുമുട്ടേണ്ടത് ബ്രസീലിയൻ ടീമായ ഗ്രെമിയോയോടാണ്. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്കാണ് കിക്കോഫ്. നിയോ പ്രൈം,നിയോ സ്പോർട്സ് എന്നി ചാനലുകളിൽ മത്സരം സംപ്രേക്ഷണം ചെയ്യും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരോഹിത്തിന്റെ ഇരട്ട ശതകം: ട്വിറ്ററിലെ ചില പ്രതികരണങ്ങള്‍
Next articleരോഹിത്തിന്റെ മൂന്നാം ഇരട്ട ശതകത്തിന്റെ ബലത്തില്‍ 141 റണ്‍സ് വിജയവുമായി ഇന്ത്യ