
സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ബസേലിയസ് കോളേജ് കോട്ടയത്തെ പരാജയപ്പെടുത്തി കൊണ്ട് ഗോകുലം എഫ് സി അവരുടെ ജൈത്ര യാത്ര തുടങ്ങി. തൃക്കരിപ്പൂരിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഗോകുലം എഫ് സിയുടെ വിജയം. തികച്ചും ഏകപക്ഷീയമായ പോരാട്ടം കണ്ട നടക്കാവ് സിന്തറ്റിക് ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി രണ്ടു കൊല്ലം മുമ്പ് നിർണ്ണായക ഗോൾ നേടിയ സുശാന്ത് മാത്യുവിലൂടെയാണ് ഗോകുലം ഗോൾ വേട്ട തുടങ്ങിയത്. 35ാം മിനുട്ടിൽ ഫ്രാൻസിസ് സേവിയറിലൂടെ ഗോകുലം രണ്ടാം ഗോളും നേടി. പിന്നീടങ്ങോട്ട് ഷിയാദ് നെല്ലിപ്പറമ്പന്റെ വിളയാട്ടമായിരുന്നു. കോഴിക്കോട് യൂണുവേഴ്സിറ്റിയുടെ കരുത്തായുരുന്ന ആ ബൂട്ടുകൾ രണ്ടു ഗോളുകളാണ് ഇന്നലെ ഗോകുലത്തിന് വേണ്ടി നേടിയത്. അസ്സനുൽ ഫാസിലാണ് ബസേലിയോസിന്റെ ആശ്വാസ ഗോൾ നേടിയത്.
ഇന്നലെ ജയിച്ച ഗോകുലത്തിന് ഇന്ന് ഇറങ്ങാനുള്ളത് ചെറിയ പോരാട്ടത്തിനല്ല. മലപ്പുറം ഡർബി എന്നു തന്നെ വിശേഷിപ്പിക്കാവുന്ന പോരാട്ടമാണ്. കേരള ഫുട്ബോളിൽ ഇനി ചർച്ചയാകുവാൻ പോകുന്ന മലപ്പുറം ഡർബികളിലെ ആദ്യത്തെ ഡർബിം സ്പോർട്സ് അക്കാദമി തിരൂരാണ് ഗോകുലം എഫ് സിക്ക് നേരെ വരുന്നത്. രണ്ടു മലപ്പുറം ക്ലബുകളിൽ ആരാണ് മുന്നേറുക എന്ന് ഇന്നറിയാം.
ആദ്യ മത്സരത്തിൽ ജിംഖാനയേയും രണ്ടാം മത്സരത്തിൽ ഗ്ലോബൽ സേക്രഡ് ഹേർട്ടിനേയും പരാജയപ്പെടുത്തിയാണ് സാറ്റ് ക്വാർട്ടറിൽ എത്തിയത്. സർവീസസ് താരമായ ഇർഷാദ്, ജപ്പാൻ താരമായ അറ്റ്സുഷി, ആദ്യ മത്സരത്തിൽ ഹാട്രിക്ക് നേടിയ ഷഹീദ് തുടങ്ങി മികച്ച താരനിര തന്നെ സാറ്റിനുണ്ട്. ഗോകുലത്തിന് കരുത്തറിയിക്കേണ്ട മത്സരമായി ഇതു മാറുമ്പോൾ സാറ്റിന് കുറച്ച് വർഷങ്ങളായി ഫുട്ബോൾ ലോകത്ത് ഞങ്ങളുണ്ട് എന്നറിയിക്കാനുള്ള മത്സരമാണ്. വൈകിട്ട് 7 മണിക്കാണ് മത്സരം.