ഉസ്മാന്റെ ഹാട്രിക്കിൽ എസ് ബി ഐ ഫൈനലിൽ, കേരള പോലീസ് വലയിൽ ഏഴു ഗോളുകൾ

തൃക്കരിപ്പൂരിൽ നടക്കുന്ന നാൽപ്പത്തി മൂന്നാമത് സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള പോലീസിനെ വമ്പൻ പരാജയത്തിലേക്ക് തള്ളിവിട്ടു കൊണ്ട് എസ് ബി ഐ ഫൈനലിൽ. ഏഴു ഗോളുകൾ പോലീസ് വലയിലേക്ക് കയറ്റിയ എസ് ബി ഐ 7-2 എന്ന സ്കോറിനാണ് കളി വിജയിച്ചത്. കഴിഞ്ഞ വർഷം ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സെമി ഫൈനലിൽ തങ്ങളെ പരാജയപ്പെടുത്തിയതിനുള്ള മറുപടി കൂടിയായി എസ് ബി ഐക്ക് ഈ വിജയം.

ഏജീസ് ഓഫീസിനെ പരാജയപ്പെടുത്തി എത്തിയ കേരള പോലീസിന് പക്ഷെ എസ് ബി ഐ ഒരു പരിഗണനയും കൊടുത്തില്ല. ആദ്യ പകുതിയിൽ തന്നെ നാലു ഗോളുകളാണ് എസ് ബി ഐ കേരള പോലീസ് പ്രതിരോധം ഭേദിച്ച് ലക്ഷ്യത്തിലെത്തിച്ചത്. രണ്ടാം പകുതിയിൽ കേരള പോലീസ് കുറച്ച് ഉണർന്നു കളിച്ചുവെങ്കിലും കളി ആദ്യ പകുതിയിൽ തന്നെ കൈവിട്ടിരുന്നു.

ഉസ്മാൻ ഹാട്രിക്കോടെ ഇന്നും എസ് ബി ഐ നിരയിൽ നിന്ന് തിളങ്ങി. ഉസ്മാന്റെ ഈ ടൂർണമെന്റിലെ രണ്ടാം ഹാട്രിക്കാണിത്. രണ്ട്യ് ഹാട്രിക്കടക്കം മൂന്നു മത്സരങ്ങളിൽ നിന്ന് ഏഴു ഗോളുകൾ നേടി ടൂർണമെന്റിലെ ടോപ് സ്കോററും ഉസ്മാനായി. ഉസ്മാനെ കൂടാതെ സജിത് പൗലോസും ഇന്ന് ഗോൾ മുഖത്ത് തിളങ്ങി, ഇരട്ട ഗോളുകളുമായി സജിത് കേരള പോലീസിനെ വെള്ളം കുടിപ്പിച്ചു. മുഹമ്മദ് അസ്ലമും പ്രസൂണുമാണ് ബാക്കി രണ്ട്യ് ഗോളുകൾ നേടിയത്.

ഫൈനലിലേക്കുള്ള വഴിയിൽ ഇതുവരെയായി മൂന്നു കളികളിൽ നിന്ന് പതിനേഴു ഗോളുകളാണ് എസ് ബി ഐ അടിച്ചു കൂട്ടിയത്. നാളെ രാത്രി നടക്കുന്ന ഫൈനൽ മത്സരത്തിൽ എസ് ബി ഐ ഗോകുലം എഫ് സിയെ നേരിടും.