എസ് ബി ടിയുടെ അവസാന അങ്കം അഥവാ എസ് ബി ഐയുടെ ആദ്യ അങ്കം

രണ്ടിലേറെ പതിറ്റാണ്ടു കാലം കേരള ഫുട്ബോളിന്റെ നെടുംതൂണായി നിന്ന എ സ് ബി ടി ഫുട്ബോൾ ടീം അനിശ്ചിതത്വങ്ങൾക്കിടെ നാളെ തൃക്കരിപ്പൂർ നടക്കാവ് സ്റ്റേഡിയത്തിൽ ഇറങ്ങുകയാണ്. എസ് ബി ടിയായല്ല എസ് ബി ഐയായി. സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ യൂണിറ്റി സോക്കർ ഇടുക്കിയെ ആണ് പഴയ എസ് ബി ടി നാളെ നേരിടാൻ പോകുന്നത്.

ഇക്കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടി ബൂട്ടു കെട്ടിയ ഏഴു പേരും, ക്യാപ്റ്റൻ ഉസ്മാൻ ഉൾപ്പെടെ, നാളെ പുതിയ പേരിനു കീഴിൽ ഇറങ്ങും. എസ് ബി ഐയിലേക്കുള്ള ലയനം ഫുട്‌ബോൾ ടീമിന്റെ ഭാവി എന്താക്കുമെന്ന് ഇപ്പോഴും തീരുമാനമായിട്ടില്ലാ എങ്കിലും കോച്ച് വി പി ഷാജിയും കളിക്കാരും എസ് ബി ടിയെ സ്നേഹിക്കുന്ന വരും പ്രതീക്ഷയിൽ തന്നെയാണ്. എസ് ബി ടിയുടെ ക്രിക്കറ്റ് ടീം എസ് ബി ഐയായി തങ്ങളുടെ ടീമുമായി തുടരുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതുപോലെ ഫുട്ബോൾ ടീമിനും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് ഫുട്ബോൾ പ്രേമികൾ കരുതുന്നത്.

ഗോകുലവും സെൻട്രൽ എക്സൈസും കേരള പോലീസും നേരത്തെ ക്ലബ് ഫുട്ബോൾ സെമി ഫൈനലിൽ എത്തിയിരുന്നു. നിലവിലെ കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ എസ് ബി ടിക്ക് സെമി ഉറപ്പിക്കാൻ നാളത്തേതുൾപ്പെടെ രണ്ടു മത്സരങ്ങൾ ജയിക്കേണ്ടതുണ്ട്. സന്തോഷ് ട്രോഫി ക്യാമ്പിൽ മാസങ്ങളായി ആദ്യ ഇലവനിലലെ ഭൂരിഭാഗം പേരും ഉള്ളതു കൊണ്ട് മികച്ച ഒത്തിണക്കത്തോടെ തന്നെ എ സ് ബിടിക്ക് തുടങ്ങാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

തൃക്കരിപ്പൂർ നടക്കാവ് സ്റ്റേഡിയത്തിൽ നാളെ രാത്രി എട്ടിനാണ് യൂണിറ്റി സോക്കറുമായുള്ള മത്സരം.

 

Previous articleപത്തിൽ ഏഴു പെനാൾട്ടിയും പുറത്ത്, അവസാനം കേരള പോലീസ് സെമിയിൽ
Next articleഅഡബയോറിന്റെ ഹാട്രിക്കിൽ ബ്ലാക്ക് & വൈറ്റ് തളിപ്പറമ്പിൽ ഫൈനലിൽ