കണക്കു തീർത്തു ഫൈനലിൽ കയറാൻ എസ് ബി ഐ ഇന്ന് കേരള പോലീസിനെതിരെ

എസ് ബി ഐക്ക് എസ് ബി ടി ആയിരിക്കുന്ന കാലത്തെ ഒരു കണക്ക് കേരള പോലീസിനോട് തീർക്കാനുണ്ട്. കഴിഞ്ഞ വർഷം പെരിന്തൽമണ്ണയിൽ വെച്ച് നടന്ന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സെമി ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ കേരള പോലീസിന്റെ കയ്യിൽ നിന്നേറ്റ പരാജയത്തിന്റെ കണക്ക്. അന്ന് കേരള പോലീസ് സെമിയും കടന്ന് ഫൈനലും കടന്ന് കപ്പും ഉയർത്തിയാണ് യാത്ര അവസാനിപ്പിച്ചത്. ഇന്ന് വീണ്ടും സെമിഫൈനലിൽ ഇരുവരും ഏറ്റുമുട്ടുമ്പോൾ അങ്ങനെയൊരു യാത്ര കൂടെ കേരള പോലീസ് നടത്തില്ല എന്നു ഉറപ്പു വരുത്തുകയാകും എസ് ബി ഐയുടെ ലക്ഷ്യം.

തൃക്കരിപ്പൂർ നടക്കാവ് സിന്തറ്റിക് ഗ്രൗണ്ടിൽ ഇന്ന് രാത്രി 8.30നാണ് ആവേശം ഉറപ്പു നൽകുന്ന ക്ലബ് ഫുട്ബോളിന്റെ രണ്ടാം സെമി ഫൈനൽ നടക്കുന്നത്. ഏജീസ് ഓഫീസിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ മറികടന്നാണ് കേരള പോലീസ് സെമി ഫൈനലിൽ എത്തിയത്. എസ് ബി ഐക്ക് സെമി ഫൈനലിലേക്കുള്ള യാത്ര തികച്ചും ഏകപക്ഷീയമായിരുന്നു. ആദ്യ മത്സരത്തിൽ 6-0ന് ഇടുക്കി യൂണിറ്റി സോക്കറിനെ മുക്കിയ എസ് ബി ഐ ക്വാർട്ടറിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് കൊച്ചിൻ പോർട്ടിനെ മറികടന്നത്. ഹാട്രിക്കടക്കം രണ്ടു മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ അടിച്ച ഉസ്മാൻ തന്നെയാകും ഇന്നും എസ് ബി ഐയുടെ ആക്രമണത്തിന്റെ ചുമതല ഏറ്റെടുക്കുക.

ഇന്നലെ നടന്ന ആദ്യ സെമിയിൽ സെൻട്രൽ എക്സൈസിനെ പരാജയപ്പെടുത്തികൊണ്ട് ഗോകുലം എഫ് സി ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിയിരുന്നു.