സെമി ഉറപ്പിച്ച് എസ് ബി ഐ, കൊച്ചിൻ പോർട്ടും എസ് ബി ഐ മുന്നേറ്റത്തിൽ മുങ്ങി

തൃക്കരിപ്പൂർ നടക്കാവ് സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ എസ് ബി ഐ വൻ വിജയത്തോടെ സെമിയിലേക്ക് പ്രവേശിച്ചു. കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് എസ് ബി ഐ ഇന്ന് പരാജയപ്പെടുത്തിയത്.

ഇന്നലെ നടക്കാവ് സ്റ്റേഡിയത്തിൽ 11 ഗോളുകളടിച്ച് ഞെട്ടിച്ച കൊച്ചിൻ പോർട്ടിന് ഇന്ന് ഗോൾ വലയുടെ ഭാഗത്തു പോകാൻ വരെ കഴിഞ്ഞില്ല. ഉസ്മാന്റെ നേതൃത്വത്തിൽ ഇറങ്ങിയ എസ് ബി ഐ ഏകപക്ഷീയമായ വിജയം സ്വന്തമാക്കുകയായിരുന്നു. എസ് ബി ഐയുടെ നാലു ഗോളുകളും നാലു ബൂട്ടിൽ നിന്നായിരുന്നു. ഉസ്മാൻ, സജിത് പൗലോസ്, ജിജൊ ജോസഫ്, അബ്ദുൽ നൗഷാദ് എന്നിവരാണ് കൊച്ചിൻ പോർട്ടിന്റെ ഗോൾ വല നിറച്ചത്.

ആദ്യ മത്സരത്തിൽ എസ് ബി ഐ യൂണിറ്റി സോക്കർ ഇടുക്കിയെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. അന്ന് ഉസ്മാനും എൽദോസും ഹാട്രിക്ക് നേടിയാണ് കളി അവസാനിപ്പിച്ചത്. സെമി ഫൈനലിൽ കേരള പോലീസാണ് എസ് ബി ഐയുടെ എതിരാളികൾ. അവസാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ കേരള പോലീസായിരുന്നു എസ് ബി ടിയുടെ കുതിപ്പിന് അവസാനമിട്ടത്. ആ കണക്ക് തീർക്കാൻ പേരു മാറ്റി എത്തിയ എസ് ബി ഐക്ക് കഴിയുമോ എന്ന് രണ്ടു ദിവസങ്ങൾക്കകം അറിയാം.

Previous articleക്രിസ് ലിന്നും ഗംഭീറും ഗുജറാത്തിനെ തകർത്തെറിഞ്ഞു, കൊൽക്കത്തക്കു പത്തു വിക്കറ്റിന്റെ ജയം
Next articleരണ്ടിടത്തിറങ്ങി, രണ്ടിടത്തും പരാജയപ്പെട്ട് സൂപ്പർ സ്റ്റുഡിയോ മലപ്പുറം