
തൃക്കരിപ്പൂരിൽ നടക്കുന്ന 43ാമത് ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ന് നാടകീയ മുഹൂർത്തങ്ങൾക്ക് ഒട്ടും കുറവുണ്ടായില്ല. നടക്കാവ് സ്റ്റേഡിയത്തിൽ ക്വാർട്ടർ പോരാട്ടത്തിനിറങ്ങിയ കേരള പോലീസ് ടീമും ഏജീസ് ഓഫീസും കാണാൻ എത്തിയ ഫുട്ബോൾ പ്രേമികളെ ഒട്ടും നിരാശരാക്കിയില്ല. ആദ്യ പകുതിയിൽ മികച്ച കളി പുറത്തെടുത്ത കേരള പോലീസ് ആദ്യ പകുതി അവസാനിക്കുമ്പോൾ 2-0ന് മുന്നിൽ. നിലവിലെ ചാമ്പ്യന്മാർ സെമിയിലേക്ക് കടക്കുകയാണെന്ന് തോന്നിച്ച നിമിഷങ്ങൾ. അൻഫാറും ഷാഫിയുമാണ് കേരള പോലീസിനു വേണ്ടി ഗോൾ നേടിയത്.
പക്ഷെ രണ്ടാം പകുതിയിൽ ഏജീസ് ഓഫീസ് തൃക്കരിപ്പൂർ കണ്ട ഏറ്റവും മികച്ച ആക്രമണ ഫുട്ബോൾ തന്നെ കാഴ്ചവെച്ചു. മികച്ച രണ്ടു ഗോളുകളിലൂടെ കേരള പോലീസിനൊപ്പം എത്തി. ഭാഗ്യം കൊണ്ട് മാത്രമാണ് കേരള പോലീസ് കളി സമനിലയിൽ നിശ്ചിത സമയത്ത് അവസാനിപ്പിച്ചത്. ജിപ്സണും ഷെർവിനും നേടിയ ഗോളുകളാണ് ഏജീസിനെ കളിയിലേക്ക് കൊണ്ടു വന്നത്. നിശ്ചിത സമയത്തിനു ശേഷം പെനാൾട്ടിയിൽ എത്തിയ മത്സരത്തിൽ എടുത്ത പത്തു ഷോട്ടുകളിൽ ഏഴും പുറത്ത്. നാലെണ്ണം പുറത്തടിച്ച ഏജീസ് ഓഫീസ് ടൂർണമെന്റിനു പുറത്തേക്കും മൂന്നണ്ണം പുറത്തടിച്ച കേരള പോലീസ് സെമിയിലേക്കും.
വിവരങ്ങളും ചിത്രങ്ങളും: റസീൻ സി