primus mobile
primus mobile

ക്ലബ് ഫുട്ബോൾ ചാമ്പ്യന്മാരെ ഇന്നറിയാം, പുതിയ ഗോകുലമോ പഴയ എസ് ബി ടിയോ

തൃക്കരിപ്പൂരിന്റെ ഫുട്ബോൾ ആവേശങ്ങൾക്ക് ഇന്ന് കലാശക്കൊട്ടോടെ അവസാനം കുറിക്കുകയാണ്. ക്ലബ് ഫുട്ബോൾ ചാമ്പ്യന്മാരാവുന്നത് ആരാകുമെന്ന കാത്തിരിപ്പിന് ഇന്ന് അന്ത്യം കുറിക്കാൻ ഇറങ്ങുന്നത് എസ് ബി ഐയും ഗോകുലം എഫ് സിയും. നേരിട്ട ടീമുകളെയെല്ലാ നിലംപരിശാക്കി വരുന്ന ഇരുടീമുകളും നേർക്കുനേർ എത്തുമ്പോൾ തീപ്പൊരിപാറും എന്നത് തീർച്ച.

രണ്ട് മികച്ച ലൈനപ്പുകളും അതിലേറെ മികച്ച രണ്ടു പരിശീലകരുടേയും ഏറ്റുമുട്ടൽ കൂടിയാണ് ഇന്ന് രാത്രി നടക്കാവ് സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന മത്സരം. എസ് ബി ഐയുടെ വി പി ഷാജിയും ഗോകുലം എഫ് സിയുടെ ബിനോ ജോർജ്ജും.

എസ് ബി ഐക്ക് ഇതൊരു മിനി സ്റ്റേറ്റ്മെന്റ്:

ഇനി എസ് ബി ഐ നിലനിൽക്കുമോ എന്ന ചോദ്യമുയരുന്ന അവസരത്തിൽ എസ് ബി ഐക്ക് ജയം ഒരു കപ്പ് എന്നതിൽ ഉപരി എസ് ബി ഐ ഫുട്ബോൾ ടീമിനെ നിലനിർത്താൻ ബാധ്യസ്ഥരായവർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സന്ദേശം കൂടിയാണ്.

കേരള പോലീസ് ടീമിനെ തകർത്തു തരിപ്പണമാക്കിയാണ് എസ് ബി ഐ ഫൈനലിലേക്ക് കടന്നത്. നിലവിലെ ചാമ്പ്യന്മാരാണ് കേരള പോലീസ് എന്നതോർത്താൽ ഈ വിജയത്തിന്റെ വലുപ്പം മനസ്സിലാകും. തങ്ങളുടെ ആളിക്കത്തൽ അണയാൻ വേണ്ടിയല്ല എന്നുറപ്പിക്കേണ്ട എസ് ബി ഐ ടീം ഇന്നും ആളിക്കത്തേണ്ടതുണ്ട്.

ഫൈനലിലേക്കുള്ള വഴിയിൽ ഇതുവരെയായി മൂന്നു കളികളിൽ നിന്ന് പതിനേഴു ഗോളുകളാണ് എസ് ബി ഐ അടിച്ചു കൂട്ടിയത്. ആദ്യ കളിയിൽ ഇടുക്കിക്കെതിരെ ആറു ഗോളുകൾ, ക്വാർട്ടറിൽ കൊച്ചിൻ പോർട്ടിനെതിരെ നാലു ഗോളുകൾ അവസാനം സെമിയിൽ ഏഴു ഗോളുകളും. സന്തോഷ് ട്രോഫിയിൽ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങൾ തന്നെയാണ് എസ് ബി ഐയുടെ ഈ കുതിപ്പിന് ചുക്കാൻ പിടിക്കുന്നതും. എസ് ബി ഐയുടെ തുറുപ്പ്ചീട്ട് കേരളത്തെ സന്തോഷ് ട്രോഫിയിൽ നയിച്ച ഉസ്മാൻ തന്നെയാണ്. ടൂർണമെന്റിൽ മൂന്നു കളികളിൽ നിന്നായി രണ്ട് ഹാട്രിക്കടക്കം ഏഴു ഗോളുകളാണ് ഇതുവരെ നേടിയത്.

ബെല്ലോ റസാകും നൗഷാദ് ബാപ്പുവും ഒക്കെ അണിനിരക്കുന്ന ഗോകുലം ഡിഫൻസിനെതിരെ എന്തായലും ഇതുവരെ നേടിയതു പോലെ എളുപ്പത്തിൽ ഗോൾ കണ്ടെത്താൻ കഴിയില്ലാ എന്ന് എസ് ബി ഐ കോച്ച് വി പി ഷാജിക്ക് അറിയാം.

ഗോകുലം എഫ് സി പ്രതീക്ഷകൾക്കുമപ്പുറം:

ഗോകുലം എഫ് സി എന്നൊരു ക്ലബ് തുടങ്ങിയപ്പോൾ പതിവായി കേരളത്തിൽ ഉടലെടുത്തു പരാജയപ്പെടുന്ന പ്രൊഫഷണൽ ക്ലബുകളുടെ മുഖങ്ങൾ എല്ലാവരുടെ മനസ്സിലും വന്നു പോയിരുന്നു. ഗോകുലം പക്ഷെ അങ്ങനെ വന്നു പോകാൻ ഇറങ്ങിയതല്ല എന്ന് തുടക്കം മുതൽക്കു തന്നെ കേരള ഫുട്ബോൾ രംഗത്തെ അറിയിക്കുകയാണ്.

ഇതുവരെ ഗോകുലം ഇറങ്ങിയത് രണ്ട് ടൂർണമെന്റുകളിൽ ഇത് അവരുടെ രണ്ടാം ഫൈനൽ. ആദ്യ ടൂർണമെന്റ് അങ്ങ് ഒഡീഷയിൽ ബിജു പട്നായിക് ട്രോഫിക്കു വേണ്ടി. അവിടെ എതിരാളികളില്ലാതെ കപ്പുമായി മടങ്ങി. കേരളത്തിലെ അരങ്ങേറ്റവും അങ്ങനെയൊരു കപ്പു കൊണ്ടാകണം എന്നുറപ്പിക്കാനാകും ഗോകുലം ഇന്നു ശ്രമിക്കുക. തോൽവി അറിയാതെയുള്ള ഗോകുലത്തിന്റെ കുതിപ്പ് അവസാനിപ്പിക്കേണ്ടിവരും എസ് ബി ഐക്ക് കിരീടം നേടണമെങ്കിൽ. അത് എളുപ്പമാവുകയുമില്ല.

ഗോകുലം എഫ് സിയും മികച്ച വിജയവുമായാണ് ഫൈനലിലേക്ക് കടന്നത്. സെൻട്രൽ എക്സൈസിനെ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് സെമിയിൽ ഗോകുലം തകർത്തത്. സെമിയിലെ ഹാട്രിക്കും ക്വാർട്ടറിൽ സാറ്റിനെതിരെ നിർണായക ഗോളും നേടിയ ആരിഫിന്റെ ഗോൾ മുഖത്തെ പ്രകടനങ്ങൾ ഗോകുലത്തിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു. വിജയിച്ചാലും ഇല്ലായെങ്കിലും ഗോകുലം എന്ന ക്ലബിന് ഈ കുതിപ്പ് അഭിമാനിക്കാവുന്ന ഒന്നു തന്നെയാണ്.

ഇന്ന് രാത്രി 8.30ന് തൃക്കരിപ്പൂർ നടക്കാവ് സ്റ്റേഡിയത്തിലാണ് മത്സരം.

Leave a Comment