മലപ്പുറം ഡർബിയിൽ ഗോകുലം എഫ് സിക്ക് ജയം

തൃക്കരിപ്പൂർ സിന്തറ്റിക് ഗ്രൗണ്ടിൽ നടക്കുന്ന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ന് കണ്ടത് പുതുയുഗത്തിലെ മലപ്പുറം ഡർബിയുയുടെ ആദ്യ പതിപ്പായിരുന്നു. ഗോകുലം എഫ് സിയും സാറ്റും നേർക്കുനേർ വന്നപ്പോൾ ജയം ഗോകുലത്തിന്റെ പ്രൊഫഷണലിസത്തിന്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സ്പോർട്സ് അക്കാദമി തിരൂരിനെ കീഴടക്കി ഗോകുലം എഫ് സി ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സെമിയിലേക്ക് കടന്നു.

ജിംഖാനയേയും ഗ്ലോബൽ സേക്രഡ് ഹേർട്ടിനേയും കെട്ടുകെട്ടിച്ച് എത്തിയ സാറ്റിന് ആ മികവ് ഗോകുലത്തിനെതിരെ ആവർത്തിക്കാനായില്ല. ആരിഫും അനന്തു മുരളിയുമാണ് ഗോകുലത്തിനു വേണ്ടി ഇന്ന് ലക്ഷ്യം കണ്ടത്.

ഏപ്രിൽ എട്ടിനാണ് ഗോകുലത്തിന്റെ സെമി ഫൈനൽ നടക്കുക. കേരളത്തിലെ ആദ്യ ടൂർണമെന്റിൽ തന്നെ സെമി എത്തിയ ഗോകുലം ട്രോഫി ക്യാബിനിലേക്ക് തങ്ങളുടെ രണ്ടാം കിരീടം എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷ നിലനിർത്തുകയാണ്. ഗോകുലത്തോട് പരാജയപ്പെട്ടെങ്കിലും സാറ്റ് മലപ്പുറത്തിനും കേരളത്തിനു തന്നെയും പ്രതീക്ഷ നൽകുന്ന ക്ലബാണ്. കേരള പ്രീമിയർ ലീഗിൽ വരാൻ പോകുന്ന മലപ്പുറം ഡർബിയിൽ ഗോകുലത്തോട് കണക്കു തീർത്ത് അതു തെളിയിക്കുകയാകും സാറ്റിന്റെ ലക്ഷ്യം.

നാളെ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മതിൽഭാഗം എഫ് സി തിരുവല്ല ഫറോഖ് കോളേജിനെ നേരിടും. കോഴിക്കോട് സീനിയർ ഡിവിഷൻ ജേതാക്കളായാണ് ഫറോഖ് കോളേജ് എത്തുന്നത്. വൈകിട്ട് ഏഴു മണിക്കാണ് മത്സരം.

Previous articleഏഷ്യൻ സ്വപ്നങ്ങളുമായി ഇന്ത്യ മ്യാന്മാറിനെതിരെ, ജയിച്ചാൽ റാങ്കിംഗിൽ കുതിച്ചു ചാട്ടം
Next articleഖത്തർ മോട്ടോ ജിപി വിനാലെസിന്, വാലന്റീനോ റോസി മൂന്നാമത്