ആരിഫിന് ഹാട്രിക്ക്, സെൻട്രൽ എക്സൈസിനെ തകർത്ത് ഗോകുലം എഫ് സി ഫൈനലിൽ

തൃക്കരിപ്പൂരിൽ നടക്കുന്ന നാൽപ്പത്തി മൂന്നാമത് സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗോകുലം ഫൈനലിലേക്ക്. സെൻട്രൽ എക്സൈസിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തകർത്താണ് ഗോകുലം ഫൈനലിലേക്ക് കടന്നത്. സ്കോറു കണ്ടാൽ സെമി ഫൈനലാണോ എന്നു സംശയിക്കുന്ന വിധത്തിലായിരുന്നു ഇന്ന് ഗോകുലം എഫ് സിയുടെ പ്രകടനം.

സാറ്റ് തിരൂരിനെതിരെ ക്വാർട്ടറിൽ നേടിയ വിജയം ആധികാരികമല്ലായിരുന്നു എന്ന പരാതി ഈ ജയത്തോടെ ഗോകുലം എഫ് സി തീർത്തു. ആറിൽ നാലു ഗോളുകളും ആദ്യ പകുതിയിൽ തന്നെ ഗോകുലം സ്കോർ ചെയ്തു. ആദ്യ പകുതിയിൽ ഹാട്രിക്ക് പൂർത്തിയാക്കിയ ആരിഫാണ് ഗോകുലത്തിന്റെ താരമായത് ഇന്ന്. ആരിഫിന്റെ ഇരട്ട ഗോളുകളോടെയാണ് ഗോകുലം തുടങ്ങിയത്. ക്വാർട്ടറിലും ആരിഫ് ഗോകുലത്തിനു വേണ്ടി ഗോൾ നേടിയിരുന്നു. ആരിഫിനു പിറകെ ഫ്രാൻസിസ് ലക്ഷ്യം കണ്ടു. ഹാഫ് ടൈമിനു തൊട്ടു മുമ്പ് ആരിഫ് ഹാട്രിക് തികച്ച് ഗോകുലത്തെ 4-0ന് മുന്നിലെത്തിച്ചു

രണ്ടാം പകുതിയിലും ഗോകുലം ഗോളടി നിർത്തിയില്ല. സുഹൈറിലൂടെ അഞ്ചാം ഗോൾ നേടിയ ഗോകുലം റിസ്വാനിലൂടെ ആറാമതും വല കുലുക്കി. തങ്ങളുടെ രണ്ടാം ടൂർണമെന്റിൽ തന്നെ ഗോകുലം അങ്ങനെ രണ്ടാം ഫൈനലിൽ എത്തിയിരിക്കുകയാണ്. നാളെ നടക്കുന്ന എസ് ബി ഐ കേരള പോലീസ് മത്സരത്തിലെ വിജയികളാകും ഫൈനലിൽ ഗോകുലത്തിന്റെ എതിരാളികൾ.

 

Previous articleകേരള പ്രീമിയർ ലീഗ് ജയത്തോടെ സാറ്റ് തിരൂർ തുടങ്ങി
Next articleആവേശ പോരാട്ടത്തിനൊടുവിൽ ഷില്ലോങ് ലജോങ്