പണത്തിന്റെ പ്രതിരോധം സിറ്റിയെ കാക്കുമോ ?

- Advertisement -

ഇംഗ്ലീഷ് ഫുട്ബോളിലെ ആദ്യ വർഷം പെപ് ഗാർഡിയോളയെന്ന യൂറോപ്പിലെ സൂപ്പർ പരിശീലകന് അത്രയൊന്നും ശുഭകരമായിരുന്നില്ല. കിരീടങ്ങളൊന്നും നേടാനാവാതെ പോയതിന് പുറമെ സീസണിൽ ചില കനത്ത തോൽവികളും മാഞ്ചസ്റ്റർ സിറ്റി വഴങ്ങി. മികച്ച രീതിയിൽ തുടങ്ങി സീസൺ രണ്ടാം പകുതിയിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത വരെ സംശയത്തിലായ ഘട്ടം വരെ നിറഞ്ഞ തികച്ചും അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു മുൻ ബാഴ്സലോണ പരിശീലകന് ഇംഗ്ലണ്ടിൽ നേരിടേണ്ടി വന്നത്.

ആക്രമണത്തിൽ മികച്ചു നിന്ന മത്സരങ്ങളിൽ പോലും പ്രതിരോധത്തിലെ പിഴവുകൾ കാരണം തോൽവികൾ ഏറ്റു വാങ്ങിയ മാഞ്ചസ്റ്റർ സിറ്റി പക്ഷെ ഇത്തവണ കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്രതിരോധ കോട്ടക്ക് കരുത്ത് കൂട്ടുകയാണ്. ഈ ട്രാൻസ്ഫർ വിൻഡോയിൽ ചെലവാക്കിയ ഭൂരിപക്ഷം പണവും പോയത് പ്രതിരോധ നിരകാരെ വാങ്ങാനാണ്. ലോക ഫുട്ബോളിൽ ഏകദേശം ഒരു വർഷത്തിനിടയിൽ പ്രതിരോധനിരക്കാർക്കായി ഇത്രയും പണം മുടക്കിയ ടീമില്ല.

പെപ് ഗാർഡിയോള പരിശീലകനായി എത്തിയ ശേഷം ആദ്യമെത്തിയത് എവർട്ടനിൽ നിന്ന് ഇംഗ്ലീഷ് യുവ താരം ജോണ് സ്റ്റോൻസ് ആണ്. ഏതാണ്ട് 55 മില്യൺ യൂറോയോളമാണ് താരത്തിനായി സിറ്റി മുടക്കിയത്. പെപ് ഗാർഡിയോളയുടെ കളി ശൈലിക്ക് അനുയോജ്യനായ കളിക്കാരൻ ആണെങ്കിലും അനവസരങ്ങളിൽ വരുത്തുന്ന പിഴവുകൾ പലപ്പോഴും സ്റ്റോൻസിന് വിനയാവാറുണ്ട്, എങ്കിലും വരും സീസണിൽ സിറ്റിയുടെ സെൻട്രൽ ഡിഫെൻസിൽ സ്റ്റോൻസ് ഉണ്ടാവും എന്ന് ഉറപ്പാണ്. ഗാർഡിയോള വരുന്നതിന് മുന്നേ 45 മില്യൺ യൂറോ മുടക്കി എത്തിയ നിക്കോളാസ് ഒറ്റാമെൻഡി തന്നെയാവും സ്റ്റോൻസ് ന്റെ പങ്കാളി.

സിറ്റിയുടെ ചരിത്രപരമായ ലീഗ് കിരീട നേട്ടങ്ങളിൽ വലിയ പങ്ക് വഹിച്ച സബലേറ്റ, കൊളറോവ്, ക്ളീഷി,സാഗ്ന എന്നിവരെയെല്ലാം ഇത്തിഹാദ് സ്റ്റേഡിയം വിടാൻ അനുവദിച്ച പെപ് വരും സീസണിൽ പുത്തൻ പുതു ഫുൾ ബാക്സിനെയാവും ഒറ്റാമെൻഡി- സ്റ്റോൻസ് സഘ്യത്തിന് പിന്തുണയേക്കാൻ നൽകുക. ടോട്ടൻഹാമിൽ നിന്ന് റെക്കോർഡ് തുകയ്ക്ക് റൈറ്റ് ബാക്കായ കെയിൽ വാൽക്കറിനെ ടീമിലെത്തിച്ച പെപ് ഏറെ വൈകാതെ റയൽ മാഡ്രിഡ് ബ്രസീലിയൻ ഫുൾ ബാക്ക് ഡാനിലോയെയും മാഞ്ചെസ്റ്ററിൽ എത്തിച്ചു. ഏതാണ്ട് 100 മില്യൺ ചിലവ് വരുന്ന റൈറ്റ് ബാക് ജോഡി !!

ലെഫ്റ്റ് ബാക്ക് പൊസിഷനിൽ മൊണക്കോയുടെ ബെഞ്ചമിൻ മെൻഡി എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ഏതാണ്ട് 57 മില്യൺ യൂറോയോളം നൽകിയാവും മെൻഡി മാഞ്ചെസ്റ്ററിൽ എത്തുക, അതായത് ഒരൊറ്റ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ലോകത്തിലെ ഏറ്റവും വിലയേറിയ പ്രതിരോധ നിര താരം എന്ന റെക്കോർഡ് വാൽക്കറിൽ നിന്ന് മെൻഡി സ്വന്തമാക്കും.

വന്നവരെല്ലാം കഴിവ് തെളിയിച്ച താരങ്ങൾ ആണെങ്കിലും വേഗതയ്ക്കും ശക്തിക്കും പേര് കേട്ട ഇംഗ്ലീഷ് ഫുട്ബോളിൽ താരതമ്യേന ചെറുപ്പമായ പ്രതിരോധത്തെ അണി നിരത്തുക എന്ന വലിയ ചൂതാട്ടമാണ് ഗാർഡിയോള വരും സീസണിൽ എടുക്കാൻ പോകുന്നത്. ക്യാപ്റ്റൻ വിൻസെന്റ് കമ്പനിയുടെ അനുഭവ സമ്പത്ത് ഗുണം ചെയ്യുമെങ്കിലും പോയ 2 സീസണുകളിൽ പരിക്ക് കാരണം ടീമിനായി കാര്യമായി ഒന്നും ചെയാനാവാതിരുന്ന കമ്പനിക്ക് ഇപ്രാവശ്യം എത്രത്തോളം ആരോഗ്യ ക്ഷമത നിലനിർത്താനാവും എന്നതും പെപ്പിന് മുന്നിൽ വലിയ ചോദ്യ ചിഹ്നമാവും. ഏതായാലും എതിരാളികൾ എല്ലാം പുത്തൻ പുതിയ ലോകോത്തര സ്ട്രൈക്കർമാരെ അണി നിരത്തുന്ന വരും സീസണിൽ സിറ്റിയുടെ പണ ചിലവേറിയ പ്രതിരോധം ഏതു വിധത്തിൽ പ്രകടനം നടത്തുന്നു എന്നത് വരാനിരിക്കുന്ന യൂറോപ്യൻ ഫുട്ബോൾ സീസണിലെ പ്രധാന ആകാംക്ഷകളിൽ ഒന്നാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement