Picsart 23 06 18 20 52 34 556

നായകൻ ഛേത്രിയും സൂപ്പർ ഫാസ്റ്റ് ചാങ്തെയും! ലെബനനെ തോൽപ്പിച്ച് ഇന്ത്യ കിരീടം ഉയർത്തി!!

ഇന്ത്യൻ ഫുട്ബോൾ ടീമിന് ഒരു കിരീടം കൂടെ. ഇന്ന് ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫൈനലിൽ ലെബനനെ നേരിട്ട ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയം നേടിക്കൊണ്ട് കിരീടത്തിൽ മുത്തമിട്ടു. ക്യാപ്റ്റൻ സുനിൽ ഛേത്രിയും ചാങ്തെയും ആണ് ഇന്ത്യക്ക് ആയി ഗോളുകൾ നേടിയത്. പരിശീലകൻ സ്റ്റിമാചിന്റെ കീഴിലെ ഇന്ത്യയുടെ രണ്ടാം കിരീടമാണിത്.

ഇന്ന് ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പോരാട്ടമാണ് കാണാൻ ആയത്. ഇന്ത്യ നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഫൈനൽ ബോൾ വരാത്തതിനാൽ ഗോളും വന്നില്ല. രണ്ടാം പകുതിയിൽ ഇന്ത്യ കുറച്ചു കൂടെ ആക്രമിച്ചു കൊണ്ട് തുടങ്ങി. പെട്ടെന്ന് തന്നെ ആദ്യ ഗോളും വന്നു. വലതു വിങ്ങിൽ നിന്ന് ചാങ്തെ നൽകിയ ക്രോസ് ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ ഛേത്രി വലയിൽ എത്തിച്ചു. ഛേത്രിയുടെ ഇന്ത്യക്ക് ആയുള്ള 87ആം ഗോളായിരുന്നു ഇത്.

66ആം മിനുട്ടിൽ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. മഹേഷിന്റെ ഷോട്ട് ലെബനൻ ഗോളി തടഞ്ഞു എങ്കിലും ഓടിയെത്തിയ ചാങ്തെ പന്ത് വലയിലേക്ക് എത്തിച്ചു. സ്കോർ 2-0.

ഇതിനു ശേഷം ഇന്ത്യൻ ഡിഫൻസ് ശക്തമായി നിലനിന്നത് കൊണ്ട് തന്നെ ഇന്ത്യ എളുപ്പത്തിൽ വിജയം സ്വന്തമാക്കി. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ലെബനനെ നേരിട്ടപ്പോൾ മത്സരം സമനിലയിൽ ആയിരുന്നു അവസാനിച്ചത്.

Exit mobile version