ചാംപ്യൻസ്ൽ ലീഗിൽ ചെൽസി റോമക്കെതിരെ

- Advertisement -

സ്റ്റാംഫോഡ് ബ്രിഡ്ജിൽ ചെൽസിക്ക് ഇന്ന് ചാംപ്യൻസ് ലീഗിൽ എ എസ് റോമയുടെ വെല്ലുവിളി. പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനോട് ഏറ്റ ഞെട്ടിക്കുന്ന തോൽവിയിൽ നിന്ന് കര കയറാൻ ചെൽസിക്ക് ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് തോൽവി വഴങ്ങിയാൽ അത് ടീമിനെ വൻ പ്രതിസന്ധിയിലേക്ക് നയിക്കും എന്ന് ഉറപ്പാണ്. സീരി എ യിൽ നാപോളിയോട് തോൽവി വഴങ്ങിയാണ് റോമയുടെ വരവ്. അത്ലറ്റിക്കൊക്കെതിരെ മികച്ച പ്രകടനത്തോടെ ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് സി യിൽ ഒന്നാമതെത്തിയ ചെൽസി ആ പ്രകടനം ആവർത്തിക്കാനാവും ശ്രമിക്കുക. റോമ സ്‌ട്രൈക്കർ സെക്കോയെ തടയുക എന്നത് തന്നെയാവും ഇന്ന് ചെൽസി നേരിടുന്ന പ്രധാന വെല്ലുവിളി.

ടീമിന്റെ അഭിവാജ്യ ഘടകമായ കാന്റെയുടെ പരിക്കാണ്‌ കോണ്ടേ നേരിടുന്ന പ്രധാന വെല്ലുവിളി. പരിക്ക് മാറി മൊറാത്ത ടീമിനൊപ്പം പരിശീലനം നടത്തിയിട്ടുണ്ടെങ്കിലും ആദ്യ ഇലവനിൽ കളിക്കുമോ എന്ന് ഉറപ്പില്ല. ക്രിസ്റ്റൽ പാലസിനെതിരെ നിറം മങ്ങിയ ടീമിലെ പ്രതിരോധനിരയിൽ കോണ്ടേ കാര്യമായ മാറ്റം വരുത്തിയേക്കും. പരിക്കേറ്റ മോസസിന് പകരം സപകോസ്റ്റ ആദ്യ ഇലവനിൽ ഉണ്ടാവുമെന്ന് ഉറപ്പാണ്.
നാപോളികെതിരായ മത്സരത്തിനിടെ പരിക്കേറ്റ മനോലാസ് റോമ ടീമിൽ ഉണ്ടാവില്ല. എൽശരാവിയും കളിക്കാൻ സാധ്യതയില്ല.

ഒരു ജയത്തോടെ ഗ്രൂപ്പിൽ മികച്ച നിലയിൽ എത്തുക എന്നതാവും ചെൽസിയുടെ ലക്ഷ്യം. രണ്ടാം സ്ഥാനത്തുള്ള റോമക്ക് സ്റ്റാംഫോഡ് ബ്രിഡ്ജിൽ ജയിക്കാനായാൽ അത്ലറ്റികോ മാഡ്രിഡിന്റെ സാധ്യതകൾക്ക് മേൽ ആധിപത്യം നേടാനാവും. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കറാബാഗ് അത്ലറ്റിക്കോയെ നേരിടും.  അസർ ബൈജാനിൽ വച്ചു നടക്കുന്ന മത്സരത്തിൽ ജയിച്ചു റോമക്ക് മേൽ സമ്മർദം ചെലുത്താനാവും അത്ലറ്റികോ മാഡ്രിഡിന്റെ ശ്രമം. ചെൽസി- റോമാ പോരാട്ടത്തിന് മുൻപേ തന്നെ അത്ലറ്റിക്കോയുടെ മത്സര ഫലം അറിയും എന്നതും  സ്റ്റാംഫോഡ് ബ്രിഡ്ജിലെ പോരാട്ടതിനിറങ്ങുന്ന ഇരു ടീമുകളെയും ബാധിക്കും.

ഇന്ത്യൻ സമയം 12.15 നാണ് മത്സരം ആരംഭിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement