മാഡ്രിഡിൽ ഇഞ്ച്വറിടൈം ത്രില്ലർ ജയിച്ച് ചെൽസി

അത്ലറ്റിക്കോയുടെ പുത്തൻ സ്റ്റേഡിയത്തിലെ ആദ്യ ചാംപ്യൻസ് ലീഗ് മത്സരത്തിൽ അവർക്ക് വേദനിപ്പിക്കുന്ന തോൽവി സമ്മാനിച് ചെൽസിക്ക് ആവേശ ജയം. മത്സരത്തിലെ അവസാന സെക്കൻഡിൽ നേടിയ ഗോളോടെ ചെൽസി 1-2 ന് സിമയോണിയുടെ ടീമിനെ തകർത്തത്. ചെൽസി വിട്ട് അത്ലറ്റികോയിൽ ചേർന്ന മുൻ ചെൽസി സ്‌ട്രൈക്കർ കോസ്റ്റയെ സാക്ഷിയാക്കി ചെൽസി സ്ട്രൈക്കര്മാരായ മൊറാത്തയും ബാത്ശുവായിയുമാണ് ചെൽസിയുടെ ഗോളുകൾ നേടിയത്. അത്ലെറ്റിക്കോയുടെ ഏക ഗോൾ പെനാൽറ്റിയിൽ നിന്ന് ഗ്രീസ്മാനാണ് നേടിയത്.

ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങളുമായി നീങ്ങിയ ചെൽസി അത്ലറ്റികോ പ്രതിരോധത്തിന് കനത്ത തലവേദന സൃഷ്ടിച്ചു, ഇടയിൽ ഈഡൻ ഹസാർഡിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതും മൊറാത്തയുടെ ഹെഡ്ഡർ ഓബ്ലാക് തടുത്തതും അടക്കം മികച്ച അവസരങ്ങളാണ് ചെൽസി സൃഷ്ടിച്ചത്. പക്ഷെ ഒരു അത്ലറ്റികോ കോർണർ പ്രതിരോധിക്കുന്നതിനിടെ ഡേവിഡ് ലൂയിസ് അത്ലറ്റികോ താരത്തെ ബോക്‌സിൽ തള്ളിയിട്ടതോടെ റഫറി അത്ലറ്റികോക്ക് പെനാൽറ്റി അനുവദിച്ചു. കിക്കെടുത്ത ഗ്രീസ്മാൻ മികച്ച ഷോട്ടിൽ കിക്ക് ഗോളാക്കി. 40 ആം മിനുട്ടിലായിരുന്നു അത്ലറ്റികോ ലീഡ് നേടിയത്. പിന്നീടുള്ള സമയം കാര്യമായി ഒന്നും ചെയ്യാൻ ചെൽസിക്ക് ആയതുമില്ല.

രണ്ടാം പകുതിയിൽ ചെൽസിയുടെ സമ്പൂർണ്ണ ആധിപത്യത്തോടെയാണ് തുടങ്ങിയത്. ഹസാർഡും മൊറാത്തയും ആദ്യ പകുതിയിൽ എന്ന പോലെ അത്ലറ്റികോ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. 60 ആം മിനുട്ടിൽ ചെൽസി അർഹിച്ച സമനില ഗോൾ കണ്ടെത്തി. ഹസാർഡ് ബോക്സിലേക്ക് നൽകിയ മനോഹരമായ പാസ്സ് ഹെഡ്ഡറിലൂടെ അത്ലറ്റികോ മാഡ്രിഡ് വലയിൽ എത്തിച്ചാണ് മൊറാത്ത ഗോൾ നേടിയത്. സമനില ഗോൾ കണ്ടെത്തിയ ഉടനെ ഫാബ്രിഗാസിന് ലഭിച്ച സുവർണാവസരം നഷ്ടപ്പെടുത്തിയത് അത്ലറ്റികോക്ക് ആശ്വാസമായി. 80 ആം മിനുട്ടിൽ ഹസാർഡിനെയും മൊറാത്തയെയും കോണ്ടേ പിൻവലിച്ചതോടെ അവസാന 10 മിനുട്ടിൽ അത്ലറ്റികോക്ക് നേരിയ ആധിപത്യം ലഭിച്ചെങ്കിലും ഫാബ്രിഗാസിന് പകരം ക്രിസ്ത്യൻസനെ ഇറക്കിയതോടെ ചെൽസി മികച്ച രീതിയിൽ പ്രതിരോധിച്ചു. പക്ഷേ കളി തീരാൻ സെക്കന്റുകൾ ബാക്കിയിരിക്കെ ചെൽസിക്ക് ലഭിച്ച ഫ്രീകിക്കിൽ നിന്ന് മികച്ച പാസ്സിങ്ങിലൂടെ ലഭിച്ച അവസരം അലോൻസോ മികച്ച രീതിയിൽ ബാത്ശുവായിക്ക് നൽകിയതോടെ മത്സരത്തിലെ അവസാന കിക്കിൽ ചെൽസി വിജയ ഗോൾ നേടി. ഒരിക്കൽ കൂടി ബെഞ്ചിൽ നിന്നിറങ്ങി ബാത്ശുവായി ചെൽസിയുടെ രക്ഷകനായി. അർഹിച്ച ജയം അവസാന നിമിഷം സ്വന്തമാക്കി ചെൽസിയും കൊണ്ടേയും വൻഡ മെട്രോപൊലീറ്റാണോ സ്റ്റേഡിയം വിട്ടു.

ഗ്രൂപ്പിൽ രണ്ടു ജയങ്ങളുമായി ചെൽസി ഒന്നാമതും 1 പോയിന്റ് മാത്രമുള്ള അത്ലറ്റികോ 3 ആം സ്ഥാനത്തുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലുകാക്കുവിന് ഇരട്ട ഗോൾ, റഷ്യൻ മണ്ണിൽ യുണൈറ്റഡ് താണ്ഡവം
Next articleസൂപ്പർസബ്ബായി ഹിഗ്വയിൻ, ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് ആദ്യ ജയം