പ്രതിസന്ധികൾക്കിടയിൽ ചെൽസി ഇന്ന് വാട്ട്ഫോഡിനെ നേരിടും

- Advertisement -

പ്രതിസന്ധികൾക്കിടയിൽ ചെൽസി ഇന്ന്  വാട്ട് ഫോഡിനെ നേരിടാൻ ഇറങ്ങും. ചെൽസിയുടെ സ്വന്തം മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മത്സരം അരങ്ങേറുക. കഴിഞ്ഞ ലരീമിയർ ലീഗ് മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് ഏറ്റ ഞെട്ടിക്കുന്ന തോൽവിയിൽ നിന്ന് കര കയറാൻ ചെൽസിക്ക് ഇന്ന് ജയം അനിവാര്യമാണ്. ചാംപ്യൻസ് ലീഗിൽ റോമയോട് സമനില വഴങ്ങിയ ചെൽസി കഴിഞ്ഞ 3 മത്സരങ്ങളിൽ ജയം കാണാൻ സാധിച്ചിട്ടില്ല. കൊണ്ടേക്ക് മേലുള്ള സമ്മർദം കൂടി വരുമ്പോൾ ജയത്തിൽ കുറഞ്ഞ ഏതു മത്സര ഫലവും ചെൽസി പരിശീലകന്റെ ഭാവിയിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന്‌ ഉറപ്പാണ്. അതുകൊണ്ടു  തന്നെ ജയിക്കാൻ ഉറച്ചാവും ചെൽസി ഇന്നിറങ്ങുക.

പോയിന്റ് ടേബിളിൽ ചെൽസിക്ക് മുകളിലായി 15 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുന്ന വാട്ട് ഫോഡ് മികച്ച ഫോമിലാണ്. മധ്യനിര താരം റിച്ചാർലിസൻ ടീമിലെത്തിയതോടെ മാർക്കോസ് സിൽവയുടെ ടീമിന് ഏതു ടീമിനെയും തോൽപിക്കാൻ സാധിക്കുന്ന ആത്മവിശ്വാസമുണ്ട്. ആഴ്സണലിനെ അവസാന നിമിഷം നേടിയ ഗോളിൽ തോൽപിച്ചാണ് വാട്ട് ഫോർഡ് ചാംപ്യന്മാരെ നേരിടാൻ എത്തുന്നത്. മധ്യ നിര താരങ്ങളുടെ പരിക്കാണ്‌ ചെൽസി നേരിടുന്ന പ്രധാന പ്രശ്നം. സെസ്ക് ഫാബ്രിഗാസ് അല്ലാതെ ബാക്കിയുള്ള മധ്യനിര താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലാണ്. കാന്റക്കൊപ്പം ബകയോകോയും പരിക്കിന്റെ പിടിയിലാണ്. കഴിഞ്ഞ മത്സരത്തിൽ മധ്യനിരയിൽ കളിച്ച ഡേവിഡ് ലൂയിസും ഇന്ന് കളിക്കുമോ എന്ന് ഉറപ്പില്ല. മൊറാത്ത പരിക്ക് മാറി തിരിച്ചെത്തിയും ഈഡൻ ഹസാർസിന്റെ മികച്ച ഫോമും പക്ഷെ ചെൽസിക്ക് തുണയായേക്കും. കഴിഞ്ഞ സീസണിൽ രണ്ടു തവണ വാട്ട് ഫോഡിനെ നേരിട്ടപോയും ചെൽസിക്കായിരുന്നു ജയം.

ഇന്ത്യൻ സമയം ഇന്ന് വൈകീട്ട് 5 നാണ് മത്സരം ആരംഭിക്കുക.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement