ജയം തുടരാൻ ചെൽസി ഇന്നിറങ്ങും

പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായ ചെൽസിക്ക് ഇന്ന് ബോണ്മൗത്തിന്റെ വെല്ലുവിളി. വൈറ്റാലിറ്റി സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് കോണ്ടേയുടെ ടീം എഡി ഹോവെയുടെ ടീമിനെ നേരിടുക. ലീഗിൽ നാലാം സ്ഥാനത്താണെങ്കിലും പ്രകടനത്തിലെ സ്ഥിരതയില്ലായ്മയാണ് ചെൽസി നേരിടുന്ന പ്രധാന വെല്ലുവിളി. അവസാന ലീഗ് മത്സരത്തിൽ വാട്ട് ഫോഡിനെതിരെ ജയിച്ചെങ്കിലും പ്രകടനം മോശമായിരുന്നു. ലീഗിൽ 19 ആം സ്ഥാനത്തുള്ള ബോണ്മൗത് പക്ഷെ അവസാന കളിയിൽ സ്റ്റോക്കിനെതിരെ ജയം കണ്ടിരുന്നു. മുൻ ചെൽസി താരങ്ങളായ നതാൻ ആകേയും, അസ്മിർ ബെഗോവിച്ചും ക്ലബ്ബ് വിട്ട ശേഷം തങ്ങളുടെ പഴയ ടീമിനെ ആദ്യമായി നേരിടുന്ന മത്സരം എന്നതും ഇന്നത്തെ കളിയുടെ പ്രത്യേകതയാണ്.

കാൻറെയുടെ പരിക്കോടെ ദുർബലമായ മധ്യനിരയാണ് ചെൽസി നേരിടുന്ന പ്രധാന വെല്ലുവിളി. എങ്കിലും മധ്യ നിരയിലേക്ക് പരിക്ക് മാറി ഡാനി ഡ്രിങ്ക് വാട്ടർ തിരിച്ചെത്തുന്നു എന്നത് നീല പടയ്ക് ആശ്വാസമാവും. ലീഗ് കപ്പിൽ എവർട്ടനെതിരെ ഒരു മണിക്കൂർ കളിച്ച ഡ്രിങ്ക് വാട്ടർ പക്ഷെ ഇന്ന് ആദ്യ ഇലവനിൽ കളിക്കാൻ സാധ്യതയില്ല.  ബോണ്മൗത്തിൽ മിങ്‌സ്, ബ്രാഡ് സ്മിത്ത് എന്നിവരും പരിക്കിന്റെ പിടിയിലാണ്. ആൽവാരോ മൊറാത്ത ആദ്യ ഇലവനിൽ തുടരുമെങ്കിലും സ്‌ട്രൈക്കർ മിച്ചി ബാത്ശുവായിയുടെ മികച്ച ഫോം കൊണ്ടേക്ക് ആശ്വാസമാവും. വാട്ഫോഡിനെതിരെ ബെഞ്ചിൽ നിന്നിറങ്ങി രണ്ടു ഗോളുകൾ നേടിയ ബെല്ജിയൻ താരം ലീഗ് കപ്പിൽ എവർട്ടനെതിരെ ഗോളൊന്നും നേടിയിലെങ്കിലും മികച്ച പ്രകടനമാണ് നടത്തിയത്.

എതിരാളികളെ ചെറുതായി കാണാതെ തന്നെയാവും ചെൽസി ഇറങ്ങുക. ക്രിസ്റ്റൽ പാലസിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ ചെൽസി അത്തരമൊരു പ്രകടനം ആവർത്തിക്കാതിരിക്കാൻ ശ്രമിച്ചേക്കും. ചെൽസി പോലൊരു ടീമിനെ അട്ടിമറിച്ചു ആത്മവിശ്വാസം വീണ്ടെടുക്കാനാവും ബോണ്മൗത്തിന്റെ ശ്രമം. അവസാന സീസണിൽ ഇരു ടീമുകളും ഏറ്റു മുട്ടിയ രണ്ടു മത്സരങ്ങളിലും ചെൽസി ജയം സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫ്രഞ്ച് ഓപ്പണില്‍ കിഡംബി-പ്രണോയ് സെമി പോരാട്ടം
Next articleനെയ്മറിന്റെ അഭാവത്തിലും മികച്ച ജയം സ്വന്തമാക്കി പി.എസ്.ജി