Picsart 23 05 14 20 50 30 556

മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് ചെൽസി വനിതകൾ എഫ് എ കപ്പ് സ്വന്തമാക്കി

വനിതാ എഫ് എ കപ്പ് കിരീടം ചെൽസി സ്വന്തമാക്കി. ഇന്ന് വെംബ്ലിയ നടന്ന ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെൽസിയുടെ വിജയം. ഓസ്ട്രേലിയൻ താരം സാം കെർ ആണ് ചെൽസിയുടെ വിജയ ഗോൾ നേടിയത്‌. ഇന്ന് ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു നന്നായി കളിച്ചത്. അവർ നല്ല അവസരങ്ങളും സൃഷ്ടിച്ചു. ആദ്യ പകുതിയിൽ മില്ലി ടേണറിന്റെ മികച്ച ഒരു ഗോൾശ്രമം ചെൽസി ഗോൾകീപ്പർ ബെർഗർ തടഞ്ഞു. മറുവശത്ത് മേരി എർപ്സും നല്ല ഒരു സേവ് നടത്തി.

രണ്ടാം പകുതിയിൽ 68ആം മിനുട്ടിൽ സാം കെർ ചെൽസിക്ക് ലീഡ് നൽകി. ഹാർദറിന്റെ ക്രോസ് നിയർ പോസ്റ്റിൽ വെച്ച് കെർ വലയിൽ എത്തിക്കുകയായിരുന്നു. സാം കെർ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിച്ച എട്ടു മത്സരങ്ങളിൽ നിന്ന് നേടുന്ന എട്ടാം ഗോളായിരുന്നു ഇത്. ഈ ഗോളിന് മറുപടി പറയാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആയില്ല.

കഴിഞ്ഞ സീസണിലും ചെൽസി ആയിരുന്നു എഫ് എ കപ്പ് സ്വന്തമാക്കിയത്. ഇത് അവരുടെ അഞ്ചാം എഫ് എ കപ്പ് കിരീടമാണ്. ഇംഗ്ലീഷ് വനിതാ സൂപ്പർ ലീഗിലും മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും തമ്മിലാണ് കിരീട പോരാട്ടം നടക്കുന്നത്‌.

Exit mobile version