മൂന്ന് പെനാൾട്ടി സേവ് ചെയ്ത് സാമ്പ, നോട്ടിങ്ഹാം ഫോറസ്റ്റ് ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് ഫൈനലിൽ

വെംബ്ലിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് ഫൈനലിൽ നോട്ടിങ്ഹാം ഫോറസ്റ്റും ഹഡേഴ്സ്ഫീൽഡും ഏറ്റുമുട്ടും. ഇന്ന് നടന്ന പ്ലേ ഓഫ് സെമി ഫൈനലിൽ ഷെഫീൽഡ് യുണൈറ്റഡിനെ മറികടന്നാണ് ഫോറസ്റ്റ് ഫൈനലിലേക്ക് കടന്നത്. ആദ്യ പാദത്തിന്റെ 2-1ന്റെ ലീഡുമായി രണ്ടാം പാദ സെമിക്ക് ഇറങ്ങിയ നോട്ടിങ്ഹാം ഫോറസ്റ്റ് ഇന്ന് ആദ്യ പകുതിയിൽ 1-0ന് മുന്നിൽ എത്തിയിരുന്നു. 19ആം മിനുട്ടിൽ ജോൺസൺ ആയിരുന്നു ലീഡ് നൽകിയത്. ഇത് നോട്ടിങ്ഹാമിന് 3-1ന്റെ അഗ്രിഗേറ്റ് ലീഡ് നൽകി.
20220518 030413
എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. ഷെഫീൽഡ് തിരിച്ചടിച്ചു. ഒന്നല്ല രണ്ട് ഗോൾ. 47ആം മിനുട്ടിൽ ഗിബ്സ് വൈറ്റിന്റെ വക ആദ്യ ഗോൾ. പിന്നെ 75ആം മിനുട്ടിൽ ഫ്ലെക്കിന്റെ വക രണ്ടാം ഗോൾ. ഷെഫീൽഡ് 2-1ന് മുന്നിൽ. അഗ്രിഗേറ്റ് സ്കോർ 3-3. കളി എക്സ്ട്രാ ടൈമിലേക്കും പിന്നെ പെനാൾട്ടി ഷൂട്ടൗട്ടിലേക്കും നീങ്ങി. പെനാൾട്ടിയിൽ ഫോറസ്റ്റ് കീപ്പർ ബ്രൈസ് സാമ്പ മൂന്ന് കിക്കുകൾ സേവ് ചെയ്ത് തന്റെ ടീമിനെ ഫൈനലിലേക്ക് നയിച്ചു. നേരത്തെ ലൂടണെ തോൽപ്പിച്ച് ഹഡേഴ്സ്ഫീൽഡും ഫൈനലിൽ എത്തിയിരുന്നു.