കാർഡിഫിൽ കിരീടം ഉയർത്താൻ റയൽ മാഡ്രിഡും യുവന്റസും

- Advertisement -

യൂറോപ്പിലെ ഫുട്ബോൾ രാജാക്കന്മാരെ തേടിയുള്ള യാത്ര കാർഡിഫിലെ മില്ലേനിയം സ്റ്റേഡിയത്തിൽ അവസാനിക്കും. ചരിത്ര കിരീടം നേടാൻ ഒരുങ്ങി സ്പാനിഷ് ചാമ്പ്യന്മാരായ  റയൽ മാഡ്രിഡും  ഇറ്റലിയിലേക്ക് കിരീടം എത്തിക്കാനുറച്ച് ഇറ്റാലിയൻ ചാമ്പ്യന്മാരായ  യുവന്റസും ഏറ്റുമുട്ടുമ്പോൾ മത്സരം തീപ്പാറും.  ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി കപ്പ് നിലനിർത്തുന്ന ടീം ആവാനാണ് സിദാനും കൂട്ടരും ഇറങ്ങുന്നത്. അതെ സമയം ഏതു ആക്രമണ നിരയെയും പിടിച്ച് നിർത്താൻ കെല്പുള്ള യുവന്റസ് നിര റയൽ മാഡ്രിഡിനും ചരിത്രത്തിനും ഇടയിൽ വിലങ്ങുതടിയാവും.

കഴിഞ്ഞ തവണ ഫൈനലിൽ സ്വന്തം അയൽക്കാരായ അത്ലറ്റികോ മാഡ്രിഡിനെ തോൽപ്പിച്ച് 11ആം കിരീടം നേടിയ റയൽ മാഡ്രിഡ് കിരീടം നിലനിർത്താനുറച്ച് തന്നെയാണ്.  ചാമ്പ്യൻസ് ലീഗിലെ 6 സീസണിൽതുടർച്ചയായി 10 ഗോൾ നേടിയ റൊണാൾഡോ തന്നെയാവും റയലിന്റെ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുക. ശക്തരായ ബാഴ്‌സിലോണയെ തറപറ്റിച്ച് ല ലീഗ കിരീടത്തിൽ മുത്തമിട്ട റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് വിജയിച്ച് ഇരട്ട കിരീടം നേടാനാവും ശ്രമം.

2015ൽ ബാഴ്‌സിലോണയോട് ഫൈനലിൽ തോറ്റ് തിരിച്ച് പോവേണ്ടി വന്ന യുവന്റസ് അവസാനമായി ചാമ്പ്യൻസ് ലീഗ് നേടിയത് 2006ലാണ്. 2009 ൽ ഇന്റർ മിലന് ശേഷം ഒരു സീസണിൽ മൂന്ന് കിരീടങ്ങൾ നേടുന്ന രണ്ടമത്തെ ഇറ്റാലിയൻ ടീം ആവാനുള്ള ശ്രമത്തിലാണ് യുവന്റസ്. ഈ സീസണിൽ വെറും മൂന്ന് ഗോൾ മാത്രമാണ് യുവന്റസ് ചാമ്പ്യൻസ് ലീഗിൽ വഴങ്ങിയത് എന്നതും അവരുടെ പ്രധിരോധം എത്ര ശക്തമാണെന്നതിനു തെളിവാണ്. ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് യുവന്റസ് ഫൈനലിലെത്തിയത്.  ഒരു മത്സരം പോലും തോൽക്കാതെ ഒരു ടീം ചാമ്പ്യൻസ് ലീഗ് അവസാനമായി നേടിയത് 2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു.

ഇതിനു മുൻപ് ഇരു ടീമുകളും 18 തവണ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും 8 വിജയം നേടിയ തുല്യത പാലിക്കുകയാണ്. 1998 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോൾ 1 – 0 റയൽ മാഡ്രിഡാണ് വിജയിച്ചത്.

സ്വന്തം നാട്ടിൽ നടക്കുന്ന ഫൈനലിൽ പരിക്ക് മാറി ബെയ്ൽ തിരിച്ചെത്തിയത് റയൽ മാഡ്രിഡിന് ശക്തി പകരും. ഫൈനലിൽ റൊണാൾഡോക്കും ബെൻസീമക്കും കൂട്ടായി ആരെ ഇറക്കും എന്നത് സിദാന് തലവേദനയാകും. ഇസ്കോയും ബെയ്‌ലും ആദ്യ പതിനൊന്നിൽ ഇടം പിടിക്കാൻ കാത്തിരിക്കുമ്പോൾ ആര്  ഇടം നേടുമെന്ന് പ്രവചിക്കാനാവില്ല.  പരിക്ക് മാറി ഡാനി കാർവഹാളും ആദ്യ പതിനൊന്നിൽ തിരിച്ചെത്തിയേക്കും. പെപ്പെയും കോൻഡ്രോയും ടീമിനൊപ്പം പരിശീലനം നടത്തിയിട്ടില്ല.

അതെ സമയം യുവന്റസ് ആക്രമണ നിരയിൽ പരിക്ക് മാറി മാൻസുകിച്ച് തിരിച്ചെത്തും. മധ്യ നിരയിൽ മുൻ റയൽ മാഡ്രിഡ് താരം സാമി ഖാദിരിയ്യ പരിക്ക് മാറി തിരിച്ചെത്തിയേക്കും.

Advertisement