ബാസെലിനെ തകർത്ത് യുണൈറ്റഡ്, റാഷ്ഫോഡിന് ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റ ഗോൾ

ഒരിടവേളയ്ക്ക് ശേഷം ഓൾഡ് ട്രാഫോഡിലേക്ക് തിരിച്ചെത്തിയ ചാമ്പ്യൻസ് ലീഗ് വിജയത്തോടെ ആഘോഷമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്വിസ് ചാമ്പ്യന്മാരായ എഫ്‌സി ബാസെലിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപ്പിച്ചത്. ഫെല്ലയിനി, ലുകാക്കു, റാഷ്ഫോഡ് എന്നിവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി വല കുലുക്കിയത്.

പോൾ പോഗ്ബ ആദ്യമായ്‌ മാഞ്ചസ്റ്റർ യുണൈറ്റഡ് ആം ബാൻഡ് അണിഞ്ഞു ഇറങ്ങിയ മത്സരത്തിൽ, 19ആം മത്സരത്തിൽ തന്നെ യുണൈറ്റഡിന് പരിക്ക് മൂലം പോൾ പോഗ്ബയെ നഷ്ടമായി. തുടർന്ന് പകരക്കാരനായി ഇറങ്ങിയ ഫെല്ലയിനി ആണ് യുണൈറ്റഡിന് വേണ്ടി ആദ്യം വളകുലുക്കിയത്. ആഷ്‌ലി യങ് നല്കിയ ക്രോസിന് തല വെച്ചു 34ആം മിനിറ്റിൽ ഫെല്ലയിനി യുണൈറ്റഡിന് ലീഡ് നൽകി. ആദ്യ പകുതിയിൽ 1-0 എന്നായിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചു കളിച്ച യുണൈറ്റഡിന് അർഹിച്ച രണ്ടാം ഗോൾ ലുകകുവിലൂടെ നേടാനായി. 53ആം മിനിറ്റിൽ ബ്ലിൻഡ് നൽകിയ ക്രോസ് ഹെഡ് ചെയ്ത ലുകാക്കു അനായാസം പന്ത് വലയിൽ എത്തിച്ചു. ലുകാകുവിന്റെ യുണൈറ്റഡിന് വേണ്ടിയുള്ള ആറു മത്സരങ്ങളിലെ ആറാമത്തെ ഗോൾ ആയിരുന്നു ഇത്.

മാറ്റക്ക് പകരക്കാരനായി ഇറങ്ങിയ റാഷ്ഫോഡിന്റെ ബൂട്ടിൽ നിന്നായിരുന്നു മൂന്നാം ഗോൾ പിറന്നത്. ഫെല്ലയിനി നൽകിയ പന്ത് റാഷ്ഫോഡ് വലയിലേക്ക് അടിച്ചു കയറ്റി ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിലും ഗോൾ നേടി യുണൈറ്റഡിന്റെ വിജയം പൂർത്തിയാക്കി.

ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില് ബെനിഫികയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് CSKA മോസ്‌കോ പരാജയപ്പെടുത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial