ചില കണക്കുകൾ വീട്ടാനുണ്ട്, ബാഴ്സലോണയോട് മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

ഇന്ന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും തമ്മിൽ നേർക്കുനേർ വരികയാണ്. ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ക്ലബുകളിൽ രണ്ട് ക്ലബുകൾ ആണ് ഈ വമ്പന്മാർ. ഇരുവർക്കിടയിലായി എട്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉണ്ട് എന്ന ക്ലബുകളുടെ വലുപ്പം കാണിക്കുന്നു. ഇന്ന് വിജയിക്കുക എന്നതിന് ഒപ്പം ചില കണക്കുകൾ തീർക്കാൻ കൂടെ ഉണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിന്.

രണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ ബാഴ്സലോണയോട് തോറ്റ ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 2009ലും 2011ലും. ഇരുവർക്ക് ഇടയിലെ അവസാന രണ്ടു മത്സരങ്ങൾ ഈ ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടങ്ങൾ ആയിരുന്നു. രണ്ട് തവണയും മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി ബാഴ്സലോണ കിരീടം നേടിയിരുന്നു. രണ്ട് തവണയും ഫൈനലിൽ മെസ്സി ഗോൾ നേടുകയും ചെയ്തു.

2011ലെ ഫൈനലിൽ സ്വന്തം രാജ്യമായ ഇംഗ്ലണ്ടിൽ വെച്ചായിരുന്നു മാഞ്ചസ്റ്റർ പരാജയം ഏറ്റുവാങ്ങിയത്. സാവി, ഇനിയേസ്റ്റ, മെസ്സി എന്നിവർ ബാഴ്സലോണയിൽ തിളങ്ങി നിൽക്കുന്ന പെപ് ഗ്വാർഡിയോള പരിശീലകനായിരിക്കുന്ന സമയത്തായിരുന്നു ഈ രണ്ട് വിജയങ്ങളും.

എങ്കിലും 2008ൽ ബാഴ്സലോണയെ സെമി ഫൈനലിൽ പരാജയപ്പെടുത്തിയ ചരിത്രം മാഞ്ചസ്റ്റർ യുണൈറ്റഡിനുണ്ട്. അന്ന് രണ്ട് പാദങ്ങളായി നടന്ന മത്സരത്തിൽ സ്കോൾസിന്റെ ഗോളായിരുന്നു വിധി എഴുതിയത്. ഇതുവരെ ഫൈനലിൽ അല്ലാതെ എട്ടു തവണ യുണൈറ്റഡും ബാഴ്സലോണയും ചാമ്പ്യൻസ് ലീഗിൽ ഏറ്റു മുട്ടിയിട്ടുണ്ട്. രണ്ട് തവണ യുണൈറ്റഡും രണ്ട് തവണ ബാഴ്സലോണയും വിജയിച്ചപ്പോൾ നാലു കളികൾ സമനിലയുമായി. ഇതുവരെ ഇരുവരും തമ്മിലുള്ള മത്സരത്തിൽ ഹോം ടീം പരാജയപ്പെട്ടിട്ടുമില്ല.

Advertisement