വിയ്യറയലിലെ ത്രില്ലറിൽ സമനിലയിൽ തളച്ചു അറ്റലാന്റ, ലില്ലി, ബെൻഫിക്ക ടീമുകൾക്കും സമനില

Screenshot 20210915 024449

ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ സമനിലയിൽ പിരിഞ്ഞു വിയ്യറയൽ, അറ്റലാന്റ ടീമുകൾ. ത്രില്ലിംഗ് പോരാട്ടം കണ്ട മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം അടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. വിയ്യറയൽ മത്സരത്തിൽ 14 ഷോട്ടുകളും അറ്റലാന്റ 13 ഷോട്ടുകളും ആണ് ഉതിർത്തത്. ആറാം മിനിറ്റിൽ തന്നെ സപാറ്റയുടെ പാസിൽ നിന്നു റെമോ ഫ്രളറിലൂടെ അറ്റലാന്റയാണ് ആദ്യം മുന്നിലെത്തുന്നത്. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് 38 മിനിറ്റിൽ ഉനയ് എമറെയുടെ ടീം മാനുവൽ മുനോസിലൂടെ ഒപ്പമെത്തി. തുടർന്ന് ഗോൾ നേടാൻ ഇരു ടീമുകളും കിണഞ്ഞു പരിശ്രമിക്കുന്ന കാഴ്ചയാണ് കാണാൻ ആയത്. തുടർന്ന് രണ്ടാം പകുതിയിൽ 73 മിനിറ്റിൽ ജെറാർഡ് മൊറെനോയുടെ പാസിൽ നിന്നു അർണോട്ട് വിയ്യറയലിനെ മുന്നിലെത്തിച്ചു. വിയ്യറയൽ ജയത്തിലേക്ക് എന്നു കരുതിയ മത്സരത്തിൽ ഇടത് ബാക്ക് റോബിൻ ഗോസൻസ്‌ അറ്റലാന്റക്ക് സമനില ഗോൾ സമ്മാനിക്കുക ആയിരുന്നു.

അലക്‌സി മിരാച്ചുകുവിന്റെ പാസിൽ നിന്നായിരുന്നു ഗോസൻസിന്റെ ഗോൾ. അതിനു ശേഷം 60 മിനിറ്റിൽ പകരക്കാരൻ ആയി കളത്തിൽ ഇറങ്ങിയ ഫ്രാൻസസ് കൊക്വലിൻ രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയതോടെ അവസാന നിമിഷങ്ങൾ വിയ്യറയൽ 10 പേരും ആയാണ് കളിച്ചത്‌. എന്നിട്ടും അവസാന നിമിഷം ഒരു ഗോൾ അവസരം തുറക്കാൻ അവർക്ക് ആയെങ്കിലും മൊറെനോയുടെ ഹെഡർ അറ്റലാന്റ ഗോൾ കീപ്പർ രക്ഷിക്കുക ആയിരുന്നു. അതേസമയം ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ ലില്ലി, വോൾസ്ബർഗ് ടീമുകൾ ഗോൾ രഹിത സമനില പാലിച്ചു. വോൾസ്ബർഗിന്റെ ജോൺ ബ്രൂക്ക്സ് 63 മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ ലില്ലി നിരവധി അവസരങ്ങൾ തുറന്നെങ്കിലും ഗോൾ നേടാൻ മാത്രം അവർക്ക് ആയില്ല. ഗ്രൂപ്പ് ഇയിൽ ഡൈനാമോ കീയ്വ് ബെൻഫിക്ക മത്സരവും ഗോൾ രഹിതമായാണ് അവസാനിച്ചത്. മത്സരത്തിന്റെ അവസാന നിമിഷം ഡൈനാമോ കീയ്വ് ഗോൾ നേടിയെങ്കിലും വാർ അത് പിന്നീട് ഗോൾ അല്ല എന്ന് വിധിക്കുക ആയിരുന്നു.

Previous articleവീണ്ടും ലുകാകു, ചാമ്പ്യൻസ് ലീഗിൽ ചെൽസി ജയിച്ച് തുടങ്ങി
Next articleബ്രൂണോ ഫെർണാണ്ടസുമായി പുതിയ കരാർ ചർച്ചകൾ, മാഞ്ചസ്റ്ററിൽ തുടരാനുറച്ച് ബ്രൂണോ