പോർട്ടോക്ക് എതിരെ അത്ലറ്റികോ മാഡ്രിഡിനെ ‘വാർ’ രക്ഷിച്ചു,പരുക്കൻ കളിയിൽ ഗോൾ രഹിത സമനില

ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ സ്വന്തം മൈതാനത്ത് ഗോൾ രഹിത സമനില വഴങ്ങി അത്ലറ്റികോ മാഡ്രിഡ്. പരുക്കൻ കളി കണ്ട മത്സരത്തിൽ എഫ്.സി പോർട്ടോ ആണ് അത്ലറ്റികോയെ സമനിലയിൽ തളച്ചത്. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ അൽപ്പം മുൻതൂക്കം അത്ലറ്റികോ പുലർത്തിയെങ്കിലും വലിയ ആക്രമണം ഒന്നും ഇരു ടീമുകളും നടത്തിയില്ല. അത്ലറ്റികോ 6 ഷോട്ടുകൾ ഉതിർത്ത മത്സരത്തിൽ പോർട്ടോ 5 ഷോട്ടുകൾ ആണ് ഉതിർത്തത്. പോർട്ടോയുടെ ഒരവസരം പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. അതേസമയം പരുക്കൻ അടവുകൾ കണ്ട മത്സരത്തിൽ 9 മഞ്ഞ കാർഡുകളും ഒരു ചുവപ്പ് കാർഡും ആണ് റഫറി പുറത്ത് എടുത്തത്.

6 മഞ്ഞ കാർഡുകൾ കണ്ട പോർട്ടോയുടെ ചാൻസൽ മെമ്പ 95 മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ടും പുറത്ത് പോയി. എന്നാൽ 80 മിനിറ്റിൽ പോർട്ടോ നേടിയ ഗോൾ വാർ നിഷേധിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് ആണ് വഴി വച്ചത്. ലോദിയുടെ ബാക്ക് പാസ് പിടിച്ചെടുത്ത തരമി പോർട്ടോക്ക് ഗോൾ സമ്മാനിക്കുക ആയിരുന്നു. എന്നാൽ ഒബ്‌ളാക്കിനെ കടന്നു ഗോൾ നേടുന്നതിന് ഇടയിൽ ഹാന്റ് ബോൾ ആയതിനാൽ താരത്തിന് വാർ ഗോൾ നിഷേധിച്ചു. എന്നാൽ ഗോൾ നൽകേണ്ടതോ അല്ലെങ്കിൽ പോർട്ടോക്ക് അനുകൂലമായി അനുവദിക്കേണ്ട പെനാൽട്ടിയോ ആയി മാറേണ്ടത് ആയിരുന്നു ഈ സംഭവം. എന്നാൽ വാർ പോർട്ടോയുടെ ഗോൾ റദ്ദ് ചെയ്യുക ആയിരുന്നു. പ്രതിരോധ മികവിൽ സമനില നേടിയ പോർട്ടോ അർഹിച്ച ജയം കൈവിട്ട നിരാശയിൽ ആവും മാഡ്രിഡിൽ നിന്നു മടങ്ങുക.