ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ സംരക്ഷിക്കാൻ യുവന്റസ് വീണ്ടും പോർട്ടോയ്ക്ക് എതിരെ

20210309 111451
- Advertisement -

ഇന്ന് ടൂറിനിൽ നടക്കുന്നത് യുവന്റസിന്റെ ഈ സീസണിലെ വിധി നിർണയിക്കുന്ന മത്സരമാകും. ലീഗ് കിരീടം ഏതാണ്ട് കൈവിട്ട നിലയിൽ നിൽക്കുന്ന യുവന്റസിനും പിർലോയ്ക്കും ഈ സീസൺ നല്ല നിലയിൽ അവസാനിപ്പിക്കണം എങ്കിൽ ചാമ്പ്യൻസ് ലീഗിൽ വലുതായി മുന്നോട്ട് പോകേണ്ടതുണ്ട്‌. ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിന്റെ രണ്ടാം പാദത്തിൽ യുവന്റസ് പോർച്ചുഗീസ് ചാമ്പ്യന്മാരായ പോർട്ടോയെ നേരിടുമ്പോൾ മുന്നിൽ ചെറിയ കടമ്പ അല്ല ഉള്ളത്.

ആദ്യ പാദത്തിൽ ഏറ്റ 1-2ന്റെ പരാജയം മറികടന്നു വേണം യുവന്റസിന് ക്വാർട്ടറിലേക്ക് കടക്കാൻ‌. ആദ്യ പാദത്തിൽ നിരാശയാർന്ന പ്രകടനമായിരുന്നു യുവന്റസ് നടത്തിയത്. എങ്കിലും ഒരു എവേ ഗോളിന്റെ ബലമുള്ളത് യുവന്റസിന് പ്രതീക്ഷ നൽകുന്നു. ലാസിയോക്ക് എതിരായ മത്സരം ഏകപക്ഷീയമായി വിജയിച്ചതിന്റെ ആത്മവിശ്വാസവും ഉണ്ടാകും.

യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലാസിയോക്ക് എതിരെ പിർലോ വിശ്രമം നൽകിയിരുന്നു‌. റൊണാൾഡോക്കും ഇന്ന് അഭിമാന പോരാട്ടമാണ്. യുവന്റസിന് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കുക എന്ന ദൗത്യം ഏറ്റെടുക്കാൻ എത്തിയ റൊണാൾഡോക്ക് അവസാന രണ്ടു സീസണും യൂറോപ്പിൽ നിരാശ ആയിരുന്നു സമ്പാദ്യം. ഇന്ന് രാത്രി 1.30ന് ആണ് മത്സരം നടക്കുക. ഇന്ന നടക്കുന്ന മറ്റൊരു പ്രീക്വാർട്ടർ പോരിൽ സെവിയ്യ ബൊറൂസിയ ഡോർട്മുണ്ടിനെ നേരിടും. 3-2ന് ആദ്യ പാദ മത്സരം വിജയിച്ച ഡോർട്മുണ്ടിനാണ് ആ മത്സരത്തിൽ മുൻതൂക്കം.

Advertisement