അവസാന 16ൽ സ്ഥാനമുറപ്പിച്ച് യുവെൻ്റെസ്, ലെസ്റ്റർ, മൊണാക്കോ ടീമുകൾ. ടോട്ടനം പുറത്ത്

- Advertisement -

അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളക്ക് ശേഷം എത്തിയ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ അക്ഷരാർത്ഥത്തിൽ ഗോൾ മഴ തന്നെയായിരുന്നു കണ്ടത്. വമ്പൻ ടീമുകൾ നോക്കോട്ട് സ്റ്റേജ് കടന്നപ്പോൾ 5 വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗിലെത്തിയ ടോട്ടനം ഹോട്സ്പെറിൻ്റെ പുറത്താകലിനും ഇന്നലെ രാത്രി സാക്ഷിയായി.

spurs

ഗ്രൂപ്പ് ഇയിലെ നിർണ്ണായക മത്സരത്തിൽ മൊണാകോക്കെതിരെയായിരുന്നു ടോട്ടനം പരാജയം വഴങ്ങിയത്. വിജയത്തിൽ കുറഞ്ഞ ഒന്നും മുന്നോട്ടുള്ള പ്രയാണം മുടക്കുമെന്നറിയാവുന്ന ടോട്ടനം പൊരുതാനുറച്ചാണിറങ്ങിയത്. എന്നാൽ ലീഗ് വണ്ണിൽ നല്ല ഫോമിലുള്ള മൊണാക്കോ ടോട്ടനത്തിന് തുടക്കം മുതലെ ഒരു അവസരവും നൽകിയില്ല. അക്രമിച്ച് കളിച്ച മൊണോക്കയെ ഗോൾ നേടുന്നതിൽ നിന്ന് ടോട്ടനം കീപ്പർ ഹ്യൂഗോ ലോറിസാണ് ആദ്യ പകുതിയിൽ തടഞ്ഞത്. ഫാൽക്കാവോയുടെ പെനാൾട്ടി വരെ രക്ഷപ്പെടുത്തിയ ലോറിസിൻ്റെ പ്രകടത്തിനു പക്ഷെ അർഹിച്ച ഫലം ലഭിച്ചില്ല. 48 മിനിറ്റിൽ മുന്നിലെത്തിയ മൊണോക്കകൊപ്പം 52 മിനിറ്റിൽ ഹാരി കൈനിൻ്റെ പെനാൾട്ടിയിൽ ടോട്ടനം ഒപ്പമെത്തിയെങ്കിലും അടുത്ത മിനിറ്റിൽ തിരിച്ചടിച്ച് മൊണാക്കോ മത്സരത്തിലേക്ക് തിരിച്ചെത്തി. പിന്നീട് നിരവധി അവസരങ്ങൾ മൊണാകോ തുറന്നെങ്കിലും ലോറിസിൻ്റെ ഉജ്ജ്വല സേവുകൾ അവരെ തടഞ്ഞു. സമനിലക്കായി ടോട്ടനം പൊരുതി നോക്കിയെങ്കിലും മൊണോകോ പ്രതിരോധം അവർക്ക് ഭേദിക്കാനായില്ല. ഗ്രൂപ്പിലെ മറ്റെ മത്സരത്തിൽ സി.എസ്.കെ മോസ്കോക്കെതിരെ 1-1 ൻ്റെ സമനില വഴങ്ങിയെങ്കിലും ലെവർകൂസൻ നോക്കോട്ടിലേക്ക് യോഗ്യത സ്വന്തമാക്കി. ഡിസംബർ 8 നു നടക്കുന്ന മൊണാകോ ലെവർകൂസൻ മത്സരം ഗ്രൂപ്പ് ചാമ്പ്യന്മാരെ കണ്ടത്തും, അന്ന് തന്നെ നടക്കുന്ന മത്സരത്തിൽ മോസ്കോക്കെതിരെ സമനില നേടാനായാൽ ടോട്ടനത്തിന് യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടാം.

dortmund
ഗ്രൂപ്പ് എഫിലെ ആദ്യ സ്ഥാനത്തിനായി ഡിസംബർ 8 നു നടക്കുന്ന ഡോർട്ട്മുണ്ട് റയൽ മാഡ്രിഡ് സൂപ്പർ പോരാട്ടമാവും എല്ലാവരും കാത്തിരിക്കുന്നത്. സ്പോർട്ടിങ് ലിസ്ബണതിരെ സമനിലയിലേക്ക് പോകുമായിരുന്ന മത്സരം കരീം ബെൻസേമയുടെ ഹെഡറിലൂടെയാണ് റയൽ തിരിച്ച് പിടിച്ചത്. ഗോൾ മഴ കണ്ട ലീഗിലെ മറ്റെ മത്സരത്തിൽ പോളിഷ് ചാമ്പ്യന്മാരായ ലിഗിയ വാർസോക്കെതിരെ 4 നെതിരെ 8 ഗോളിനായിരുന്നു ബൊറുസിയ ഡോർട്ട്മുണ്ടിൻ്റെ വിജയം. ബയേണെതിരെ നേടിയ വിജയത്തിൽ നിന്നെത്തിയ ഡോർട്ട്മുണ്ട് പ്രമുഖതാരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് മത്സരത്തിനെത്തിയത്. ഡോർട്ട്മുണ്ടിനായി ക്യാപ്റ്റൻ മാർകോ റൂയിസ് ഹാട്രിക്ക് നേടിയപ്പോൾ കങ്കാവ 2 ഗോളുകളും നേടി. ഇതോടെ 13 പോയിന്റുള്ള ഡോർട്ട്മുണ്ട് ഗ്രൂപ്പിൽ ഒന്നാമതെത്തി, 11 പോയിൻ്റുള്ള റയൽ ഇപ്പോൾ ഗ്രൂപ്പിൽ രണ്ടാമതാണ്.

lescter
ഗ്രൂപ്പിൽ ജിയിൽ ലീഗിലെ മോശം ഫോമിനെ മറന്നുള്ള പ്രകടനമാണ് ഇംഗ്ലീഷ് ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി പുറത്തെടുക്കുന്നത്. റിയാദ് മാഹ്രസിൻ്റെയും ഒക്കസാക്കിയുടേതും ഗോളുകളിൽ ക്ലബ് ബ്രുഗ്ഗയെ 2-1 നു മറികടന്ന അവർ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഗ്രൂപ്പിലെ മറ്റെ മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങിയ പോർട്ടക്കും കോപ്പൺഹേഗനും ഇതോടെ ഡിസംബർ 8 നു നടന്നുന്ന ഗ്രൂപ്പിലെ അവസാന മത്സരം നിർണ്ണായകമാവും.

juventus
ഗ്രൂപ്പ് എച്ചിൽ ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൻ്റെ എല്ലാ വാശിയും ആവേശവും നിറഞ്ഞ് നിന്ന മത്സരമായിരുന്നു സെവിയ്യ യുവെൻ്റെസ് പോരാട്ടം. ആദ്യം സെവിയ്യ മുമ്പിലെത്തിയ മത്സരത്തിൽ സെവിയ്യ താരത്തിന് ലഭിച്ച ചുവപ്പ് കാർഡാണ് നിർണ്ണായകമായത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ പെനാൾട്ടിയിലൂടെ സമനില കണ്ടത്തിയ യുവെ രണ്ടാം പകുതിയിൽ നിരന്തരം അക്രമണങ്ങൾ അഴിച്ച് വിട്ടു. ഇതിനിടെ റഫറിയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ചതിന് സെവിയ്യ കോച്ച് സാമ്പോളിക്കും മാർച്ചിങ്ങ് ഒാർഡർ ലഭിച്ചു. ഇഞ്ചുറി ടൈമിൽ മാൻസുജിച്ചിൻ്റെയും 84 മിനിറ്റിൽ ബെനൂച്ചിയുടേതും ഗോളുകളാണ് യുവെക്ക് നിർണ്ണായക വിജയം സമ്മാനിച്ചത്. ഗ്രൂപ്പിലെ മറ്റെ മത്സരത്തിൽ ഡൈനാമോ സാഗ്രബിനെ ലസറേറ്റയുടെ ഏക ഗോളിന് മറികടന്ന ലിയോണു ഇതോടെ പ്രതീക്ഷയായി. ഡിസംബർ 8 നു നടക്കുന്ന സെവിയ്യ ലിയോൺ മത്സരത്തിൽ സമനില പോലും ലിയോണു നോക്കോട്ട് സ്റ്റേജിലേക്കുള്ള വഴി തുറക്കും. ഡൈനോമക്കെതിരെ ജയിച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിക്കാനാവും യുവെ ശ്രമിക്കുക.

നാളെ പുലർച്ചെ നടക്കുന്ന നിർണ്ണായക മത്സരങ്ങളിൽ ഗ്രൂപ്പ് എയിൽ ആർസനൽ പി.എസ്.ജിയെ നേരിടും. ഒപ്പം ബയേൺ മ്യൂണിക്ക്, അത്ലെറ്റികോ മാഡ്രിഡ്‌, ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി, നാപ്പോളി ടീമുകളും മത്സരത്തിനിറങ്ങും.

Advertisement