യുഫേഫ ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ സാഗ്രബിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽപ്പിച്ചു ബൊറൂസിയ ഡോർട്ട്മുണ്ടും. ജയത്തോടെ ഗ്രൂപ്പ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് അവർ കയറി. ജെയ്മി ഗിറ്റൻസ്, റമി ബെൻസബയിനി, സെർഹോ ഗുയിരാസി എന്നിവർ ആണ് ജർമ്മൻ ടീമിന് ആയി ഗോളുകൾ നേടിയത്. 2 ഗോളിന് പിറകിൽ നിന്ന ശേഷം പി.എസ്.വി 10 പേരായി ചുരുങ്ങിയ ശാക്തറിനെ തോൽപ്പിച്ചതും മറ്റൊരു മത്സരത്തിൽ കാണാൻ ആയി.
പത്ത് പേരായി ചുരുങ്ങിയ ഫ്രഞ്ച് ക്ലബ് മൊണാക്കോയെ 3-2 നു വീഴ്ത്തിയ ബെൻഫിക്കയും ചാമ്പ്യൻസ് ലീഗിൽ നിർണായക ജയം കുറിച്ചു. ബൊളോഗ്നോയെ 2-1 നു തോൽപ്പിച്ചു ഫ്രഞ്ച് ക്ലബ് ലില്ലെ മികവ് കാണിച്ചപ്പോൾ ജർമ്മൻ ക്ലബ് സ്റ്റുഗാർട്ടിനെ സെർബിയൻ ക്ലബ് റെഡ് സ്റ്റാർ ബെൽഗ്രെഡ് 5-1 നു ഞെട്ടിച്ചു. അതേസമയം ആസ്റ്റൺ വില്ല യുവന്റസ് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. പരിക്ക് വലക്കുന്ന യുവന്റസ് വില്ല പാർക്കിൽ നിന്നു സമനിലയും ആയി മടങ്ങിയപ്പോൾ തുടർച്ചയായ ഏഴാം മത്സരത്തിലും വില്ലക്ക് ജയിക്കാൻ ആയില്ല. അവസാന നിമിഷങ്ങളിൽ വില്ലക്ക് ആയി മോർഗൻ റോജേഴ്‌സ് ഗോൾ നേടിയെങ്കിലും ഡീഗോ കാർലോസ് യുവന്റസ് ഗോളിയെ ഫൗൾ ചെയ്തതിനു ഈ ഗോൾ റഫറി അനുവദിച്ചില്ല.