വീണ്ടും റാമോസ് ഹെഡ്ഡർ,നാപോളിയെ തകർത്ത് റയൽ

- Advertisement -

സ്വന്തം മൈതാനത്ത് മാഡ്രിഡിനെതിരെ തിരിച്ചുവരാം എന്ന നാപോളിയുടെ സ്വപ്നം സെർജിയോ റാമോസ് , മൊറാട്ട ഗോളുകൾ തകർത്തു. എവേ ഗോളൊന്ന് കയ്യിലുണ്ടായിട്ടും,ആദ്യം ലീഡ് നേടാനായിട്ടും റയലിനെതിരെ ഒന്ന് പൊരുതി നോക്കാൻ പോലുമാകാതെ 3-1 ന് മത്സരം അടിയറവ് പറഞ്ഞ നാപോളിക്ക് ഇരു പാദങ്ങളിലുമായി 2-6 ന്റെ കനത്ത തോൽവി. ജയത്തോടെ 12 യൂറോപ്യൻ മത്സരങ്ങളിൽ തോൽവി വഴങ്ങാതിരിക്കുന്ന റയൽ പുതിയ ക്ലബ് റെക്കോർഡും സൃഷ്ട്ടിച്ചു.
നിലവിലെ ചാമ്പ്യന്മാരായ റയൽ ഇതോടെ കോർട്ടർ ഫൈനലിൽ കടന്നു.

ആദ്യ പാദത്തിൽ 3-1 ന് തോൽവി വഴങ്ങിയ നാപോളിക്ക് സ്വന്തം മൈതാനത്ത് മികച്ചൊരു പ്രകടനത്തിലൂടെ ജയിക്കാമായിരുന്ന മത്സരത്തിൽ പ്രതീക്ഷ നൽകുന്ന തുടക്കമാണ്  ലഭിച്ചത്. 24 ആം മിനുട്ടിൽ മെർറ്റൻസിന്റെ ഗോളിൽ ഇറ്റാലിയൻ ടീം മുന്നിലെത്തി. ഹാംശിക്കിന്റെ പാസ് മെർറ്റൻസ് വലയിലെത്തിച്ചതോടെ ഇളകിമറിഞ്ഞ സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ മികച്ച രീതിയിൽ കളിച്ചു , ഇതിനിടയിൽ റൊണാൾഡോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.

രണ്ടാം പകുതിയിൽ 51 ആം മിനുട്ടിൽ സെർജിയോ റാമോസിന്റെ ഹെഡ്ഡർ നാപോളി വലയിലെത്തി, ടോണി ക്രൂസ് എടുത്ത കോർണർ കിക്കിന് തലവച്ച റാമോസ് തന്റെ പതിവ് ആവർത്തിച്ചു സമനില ഗോൾ നേടി, പിന്നീട് ക്രൂസ് തന്നെയെടുത്ത മറ്റൊരു കോർണർ കിക്കിൽ നിന്ന് റാമോസ് ഹെഡ്ഡർ ചെയ്തത് ക്ലിയർ ചെയാൻ മെർറ്റൻസ് ശ്രമിച്ചെങ്കിലും പന്ത് നാപോളി വലയിലെത്തിയിരുന്നു. ലീഡ് നേടിയതോടെ നാപോളിക്ക് കാര്യമായ അവസരങ്ങൾ നൽകാൻ റയൽ തയ്യാറായില്ല. 90 ആം മിനുട്ടിൽ ക്രിസ്റ്യാനോയുടെ ഷോട്ട് നാപ്പോളി ഗോളി പെപെ റെയ്‌ന തടുത്തെങ്കിലും മികച്ചൊരു റീബൗണ്ട് ഷോട്ടിലൂടെ ആൽവാറോ മൊറാട്ട റയലിന്റെ മൂന്നാം ഗോൾ നേടി മത്സരം ജയിച്ചു എന്ന് ഉറപ്പാക്കി.

ആദ്യ പകുതിയിൽ സൃഷ്ട്ടിച്ച മികച്ച അവസരങ്ങൾ ഗോളാക്കാൻ പറ്റാതെ പോയതാണ് നാപ്പോളിക്കു സംഭവിച്ച ദുരന്തം. റയൽ ആവട്ടെ റാമോസ് ക്യാപ്റ്റന്റെ കളി പുറത്തെടുത്തു നയിച്ചപ്പോൾ രണ്ടാം പകുതി അനായാസകരമായി വരുതിയിലാക്കി. റയൽ മധ്യ നിരയിൽ ടോണി ക്രൂസ് , കാസെമിറോ എന്നിവരുടെ പ്രകടനവും മികച്ചു നിന്നു.

 

Advertisement