യൂറോപ്പിൽ വരവറിയിച്ച് യുവ താരം, ലിവർപൂളിന് ജയം

- Advertisement -

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ കടന്നു കൂടാനുള്ള ലിവർപൂളിന്റെ ശ്രമത്തിന് ആദ്യ ഘട്ടം ജയത്തോടെ തുടക്കം. ചാമ്പ്യൻസ് ലീഗ് യോഗ്യതാ മത്സരത്തിൽ ജർമ്മൻ ടീമായ ഹേഫെൻഹെയ്മിനെ 2-1 എന്ന സ്കോറിനാണ് ക്ളോപ്പിന്റെ ടീം തോൽപിച്ചത്. ഇതോടെ ആൻഫീൽഡിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിന് ലിവർപൂളിന് ആത്മവിശ്വാസത്തോടെ ഇറങ്ങാനാവും.

കഴിഞ്ഞ 15 മാസങ്ങളായി ഹേഫെൻഹെയ്മ് സ്വന്തം മൈതാനത്ത് തോൽവി അറിഞ്ഞിരുന്നില്ലെങ്കിലും ഇന്ന് അതു സംഭവിച്ചു. കഴിഞ്ഞ സീസണിൽ ബുണ്ടസ് ലീഗെയിൽ 4 ആം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഹേഫെൻഹെയ്മിനെ തോൽപ്പിക്കുക എന്നത് അത്ര എളുപ്പമാക്കില്ല എന്നറിയാവുന്ന ക്ളോപ്പ് ശക്തമായ ടീമിനെ തന്നെയാണ് ഇറക്കിയത്. മത്സരം തുടങ്ങി 12 ആം മിനുട്ടിൽ തന്നെ ലിവർപൂൾ പെനാൽറ്റി വഴങ്ങിയെങ്കിലും ക്രമാറിക്ക് എടുത്ത പെനാൽറ്റി പക്ഷെ ലിവർപൂൾ ഗോളി മിനോലെ തടുത്തിട്ടു. പിന്നീട്‌35 ആം മിനുട്ടിലാണ് യൂറോപ്പിൽ അരങ്ങേറ്റം നടത്തിയ യുവ ലിവർപൂൾ താരം ട്രെൻഡ് അലക്സാണ്ടർ അർണോൾഡ് 30 വാര അകലെ നിന്നെടുത്ത് നേടിയ കിടിലൻ ഫ്രീകിക്ക് ഗോളിലൂടെ ലിവർപൂളിനെ മുന്നിൽ എത്തിച്ചത്. ഗോൾ നേടിയതോടെ ലിവർപൂൾ മികച്ച രീതിയിൽ കളിച്ചെങ്കിലും രണ്ടാം ഗോൾ കണ്ടെത്താൻ അവർക്ക് പലരക്കാരനായി ഇറങ്ങിയ ജെയിംസ് മിൽനർ എത്തേണ്ടി വന്നു. മിൽനെറിന്റെ ഷോട്ട് ഹോഫെൻ ഹെയ്‌മിന്റെ ഡിഫൻഡർ ഹെർടിവെയ്റ്റിന്റെ കാലിൽ തട്ടി സെൽഫ് ഗോൾ ആവുകയായിരുന്നു.

ഗോൾ വഴങ്ങിയതോടെ ഉണർന്ന ഹേഫെൻഹെയ്മ് മാർക്ക് ഉതിലൂടെ ഒരു ഗോൾ തിരിച്ചടിച്ചു ആൻഫീൽഡിൽ പ്രതീക്ഷകൾ സജീവമാക്കി നിർത്തി. ഇനി 23 ആം തിയതിയാണ് ആൻഫീൽഡിൽ ഇരു ടീമുകളും ഏറ്റു മുട്ടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement