വീണ്ടും വെർണർ, ലണ്ടനിൽ ടോട്ടനത്തെ തോൽപ്പിച്ച് ലെപ്സിഗ്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ചരിത്രത്തിലെ തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് മത്സരത്തിൽ ടോട്ടനം ഹോട്സ്പറിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ആർ.ബി ലെപ്സിഗ്. രണ്ടാം പകുതിയിൽ 58 മിനിറ്റിൽ പെനാൽട്ടിയിലൂടെ തിമോ വെർണർ നേടിയ ഗോളിൽ ആണ് ജർമ്മൻ ടീം ജയം നേടിയത്. ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് മത്സരത്തിലെ ജർമ്മൻ ക്ലബിന്റെ ആദ്യ ഗോൾ കൂടിയായി ഇത്. സീസണിലെ തന്റെ 26 ഗോൾ ആയിരുന്നു വെർണർക്ക് ഇത്, കൂടാതെ ചാമ്പ്യൻസ് ലീഗിലെ ഏഴാമത്തെ ഗോളും. ഇത് വരെ ചാമ്പ്യൻസ് ലീഗിൽ നേടിയ 7 ഗോളുകളും അവേ മത്സരത്തിൽ ആണ് വെർണർ നേടിയത്. മത്സരത്തിലെ ആദ്യ പകുതിയുടെ ആദ്യ മിനിറ്റിൽ തന്നെ ആക്രമണ ഫുട്‌ബോൾ അഴിച്ചു വിട്ടു നാഗ്ൽസ്മാന്റെ ടീം. പലപ്പോഴും ലോറിസും പോസ്റ്റും ആണ് ടോട്ടനത്തെ രക്ഷിച്ചത്.

സോണിന്റെ അഭാവം ടോട്ടനം മുന്നേറ്റത്തിൽ നിഴലിച്ചപ്പോൾ ഉപമെകാനോയുടെ അഭാവത്തിലും ലെപ്സിഗ് പ്രതിരോധം കുലുങ്ങിയില്ല. മധ്യനിരയിൽ സാപ്റ്റ്സർ ലെപ്സിഗിനായി നിർണായക പ്രകടനം ആണ് പുറത്ത് എടുത്തത്. പലപ്പോഴും വെർണറും, ഷിക് അടക്കമുള്ള താരങ്ങൾ ആദ്യ പകുതിയിൽ അവസരങ്ങൾ നഷ്ടമാക്കിയത് കണ്ടു. എന്നാൽ രണ്ടാം പകുതിയിൽ കോണാർഡ് ലെയ്മറെ വീഴ്ത്തിയ ബെൻ ഡേവിസ് ലെപ്സിഗിന് പെനാൽട്ടി സമ്മാനിച്ചു. കളിയിലെ കേമൻ ആയ ലോറിസിന് ഒരവസരവും നൽകാതെ മികച്ച പെനാൽട്ടി ലക്ഷ്യത്തിൽ എത്തിച്ചു വെർണർ.

ഗോൾ നേടിയ ശേഷം ലഭിച്ച സുവർണാവസരം പാട്രിക് ഷിക്കിന്‌ മുതലാക്കാൻ ആയില്ല. ആൻഞ്ചലീനയും വെർണറും ടോട്ടനത്തിനു നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചു. എന്നാൽ ഗോൾ വഴങ്ങിയ ശേഷം ഉണർന്നു കളിച്ച മൗറീന്യോയുടെ ടീം മത്സരത്തിലെ അവസാന 30 മിനിറ്റുകളിൽ മികച്ച അവസരങ്ങൾ ആണ് തുറന്നത്. ടോട്ടനത്തിനു ആയി മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം പുറത്ത് എടുത്ത ലെ സെലോയുടെ ഗോൾ എന്നുറപ്പിച്ച ഫ്രീകിക്ക് അടക്കം രക്ഷിച്ച ലെപ്സിഗ് ഗോൾ കീപ്പർ പീറ്റർ ഗിലാച്ചി ലെപ്സിഗിനെ രക്ഷകൻ ആവുന്നത് ആണ് അവസാന നിമിഷങ്ങളിൽ മത്സരത്തിൽ കണ്ടത്. അതിനിടയിൽ ലൂക്കാസ് മോറക്ക് ലഭിച്ച അവസരം ലക്ഷ്യത്തിലേക്ക് എത്തിക്കാൻ താരത്തിന് ആയില്ല. മാർച്ച് 11 നു നടക്കുന്ന രണ്ടാം പാദത്തിൽ സ്വന്തം മൈതാനത്ത് മുൻതൂക്കം നിലനിർത്താൻ ആയിട്ടാവും ലെപ്സിഗ് ഇറങ്ങുക. എന്നാൽ ഒരു ഗോൾ ലീഡ് മറികടക്കാം എന്ന പ്രതീക്ഷ ആവും ടോട്ടനത്തിനെ നയിക്കുക.