ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ നാലു ഗോളുമായി സെബാസ്റ്റ്യൻ ഹാളർ!!! അയാക്സിന് വമ്പൻ ജയം

ചാമ്പ്യൻസ് ലീഗിലെ തന്റെ ആദ്യ മത്സരത്തിൽ 4 ഗോളുകളുമായി അവിശ്വസനീയ പ്രകടനവുമായി സെബാസ്റ്റ്യൻ ഹാളർ. കഴിഞ്ഞ സീസണിൽ അയാക്‌സ് യൂറോപ്പ ലീഗിൽ രജിസ്റ്റർ ചെയ്യാൻ മറന്നതിനാൽ ടീമിനായി യൂറോപ്പിൽ കളിക്കാൻ സാധിക്കാതിരുന്ന ഹാളർ അതിന്റെ കടം ഇന്ന് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ സ്പോർട്ടിങ് ലിസ്ബണിനു എതിരെ തീർത്തു. മത്സരത്തിൽ ഗോളിലേക്ക് ഉതിർത്ത 5 ഷോട്ടുകളിൽ നാലും ലക്ഷ്യം കാണാൻ ഹാളറിന് ആയി. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ഹെഡറിലൂടെ ഹാളർ അയാക്സിനു മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു.20210916 025509

ഒമ്പതാം മിനിറ്റിൽ ആന്റണിയുടെ പാസിൽ നിന്നു അയാക്സിന്റെ മുൻതൂക്കം രണ്ടായി ഉയർത്താനും ഹാളർക്ക് ആയി. 33 മിനിറ്റിൽ ഒരു ഗോൾ പൗലീന്യോയിലൂടെ തിരിച്ചടിച്ച പോർച്ചുഗീസ് ക്ലബ് മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമം നടത്തി. എന്നാൽ 5 മിനിറ്റിനകം ബെർഗ്യൂസിസിലൂടെ അയാക്സ് മത്സരത്തിൽ മുൻതൂക്കം ഉയർത്തി. തുടർന്ന് രണ്ടാം പകുതിയിൽ 51 മിനിറ്റിൽ ആന്റണിയുടെ തന്നെ പാസിൽ നിന്നു ഹാട്രിക് തികച്ച ഹാളർ 63 മിനിറ്റിൽ തന്റെ നാലാം ഗോളും നേടി അയാക്സിന് 5-1 ന്റെ വലിയ ജയം സമ്മാനിച്ചു. ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ തന്നെ നാലു ഗോളുകൾ നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് ഹാളർ, 1992 ൽ സാക്ഷാൽ മാർകോ വാൻ ബാസ്റ്റൻ മാത്രമാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു താരം.