മെസ്സിയെ പിന്നിലാക്കി റൊണാൾഡോ, ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോളിനുള്ള അവാർഡ് സ്വന്തമാക്കി

യുവേഫ ചാമ്പ്യൻസ് ലീഗിൽ 2018-2019 സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള അവാർഡ് യുവന്റസ് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ താരം നേടിയ മിന്നും വോളി ഗോളിനാണ് യുവേഫ അവാർഡ് നൽകിയത്. ലിവർപൂളിന് എതിരെ മെസ്സി നേടിയ ഫ്രീകിക്കിനെ മറികടന്നാണ് റൊണാൾഡോയുടെ ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്. സാഡിയോ മാനെ ബയേണിനെതിരെ നേടിയ ഗോളാണ് പട്ടികയിൽ മൂന്നാം സ്ഥാനം നേടിയത്. ഇവയടക്കം ടൂർണമെന്റിലെ ഏറ്റവും മികച്ച 10 ഗോളുകളുടെ പട്ടികയും യുവേഫ പ്രഖ്യാപിച്ചിട്ടുണ്ട്.

മുൻ യുണൈറ്റഡ് മാനേജർ ഡേവിഡ് മോയസ്, ഇംഗ്ലണ്ട് പരിശീലകൻ സൗത്ത്ഗേറ്റ്, റൗൾ, റോബർട്ടോ മർടീനസ് എന്നിവരടങ്ങിയ സമിതിയാണ് ടോപ്പ് 10 ഗോളുകൾ തിരഞ്ഞെടുത്തത്. ഇത് തുടർച്ചയായ രണ്ടാം തവണയാണ് റൊണാൾഡോ ഈ അവാർഡ് സ്വന്തമാക്കുന്നത്. കഴിഞ്ഞ വർഷം താരം റയൽ മാഡ്രിഡിന് വേണ്ടി യുവന്റസിന് എതിരെ നേടിയ ബൈസിക്കിൾ കിക്കിനാണ് അവാർഡ് ലഭിച്ചത്.

റഹീം സ്റ്റെർലിങ്, ദമ്പലെ, കുട്ടീഞ്ഞോ, സുവാരസ്, റാക്കിടിച്, എംബപ്പേ, ലീറോയ്‌ സാനെ എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

Exit mobile version