ഇരട്ടഗോളുകളും ആയി ഡിബാല, ചാമ്പ്യൻസ് ലീഗിലെ വിജയകുതിപ്പ് തുടർന്നു യുവന്റസ്

20211103 021038

ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിലെ നാലാം മത്സരവും ജയിച്ചു യുവന്റസ്. റഷ്യൻ ക്ലബ് ആയ സെനിറ്റ്‌ സെന്റ് പീറ്റേഴ്സ്ബർഗിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് ഇറ്റാലിയൻ വമ്പന്മാർ തകർത്തത്. മത്സരത്തിൽ എല്ലാ വിഭാഗത്തിലും വലിയ ആധിപത്യം ആണ് യുവന്റസ് പുലർത്തിയത്. ക്യാപ്റ്റന്റെ ആം ബാന്റ് അണിഞ്ഞ അർജന്റീനൻ താരം പാബ്ലോ ഡിബാല ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ ഫെഡറികോ കിയേസ, അൽവാരോ മൊറാറ്റ എന്നിവർ മറ്റു ഗോളുകൾ നേടി. 11 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ഇടൻ കാലൻ അടിയിലൂടെ ഡിബാല ആണ് യുവന്റസിന് മത്സരത്തിൽ മുൻതൂക്കം നൽകുന്നത്. എന്നാൽ 26 മത്തെ മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങിയ ബൊനൂച്ചിയുടെ അബദ്ധം റഷ്യൻ ക്ലബിന് സമനില ഗോൾ നൽകി.

സമനിലയിൽ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ കിയേൽസയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി 58 മിനിറ്റിൽ ലക്ഷ്യം കണ്ട ഡിബാല യുവന്റസ് മുൻതൂക്കം തിരിച്ചു പിടിച്ചു. 73 മത്തെ മിനിറ്റിൽ ബർഡോസ്കിയുടെ പാസിൽ നിന്നു മികച്ച ഒരു നീക്കത്തിലൂടെ മനോഹരമായ ഗോൾ കണ്ടത്തിയ ഫെഡറികോ കിയേസ യുവന്റസ് ഏതാണ്ട് ഉറപ്പിച്ചു. 81 മത്തെ മിനിറ്റിൽ പ്രത്യാക്രമണത്തിൽ ഡിബാല നൽകിയ പന്തിൽ നിന്നു തന്റെ ഗോൾ കണ്ടത്തിയ മൊറാറ്റ യുവന്റസിന് അടുത്ത റൗണ്ട് ഉറപ്പിച്ചു നൽകി. 92 മത്തെ മിനിറ്റിൽ സർദാർ ഓസ്മാൻ സെനിറ്റിന് ആയി ആശ്വാസ ഗോൾ കണ്ടതിയെങ്കിലും പരാജയം ഒഴിവാക്കാൻ ഇത് മതിയായിരുന്നില്ല. ജയത്തോടെ നിലവിൽ ഗ്രൂപ്പ് എച്ചിൽ ഒന്നാമതുള്ള യുവന്റസ് അടുത്ത റൗണ്ടിലേക്കും മുന്നേറി. സീരി എയിൽ ഫോമിൽ എത്താൻ ബുദ്ധിമുട്ടുന്ന യുവന്റസിനും അല്ലഗ്രിനിക്കും ഇത് വലിയ ആശ്വാസം തന്നെയാണ്.

Previous articleഅൻസു ഫതി എന്ന രക്ഷകൻ, ബാഴ്സലോണക്ക് അവസാനം ഒരു വിജയം
Next articleപെനാൽട്ടി പാഴാക്കിയിട്ടും നൂറാം ചാമ്പ്യൻസ് ലീഗ് മത്സരം ഹാട്രിക് നേടി ആഘോഷിച്ചു ലെവൻഡോസ്കി