ഡോർട്ട്മുണ്ടും പി.എസ്.ജിയും നേർക്കുനേർ, ഗോൾ മഴ പ്രതീക്ഷിച്ച് ആരാധകർ

- Advertisement -

ചാമ്പ്യൻസ് ലീഗിൽ എല്ലാവരും ഗോൾ മഴ പ്രതീക്ഷിക്കുന്ന ആവേശപോരാട്ടത്തിൽ ജർമ്മൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ട് ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജർമ്മനെ നേരിടും. രാത്രി ഇന്ത്യൻ സമയം 1.30 തിനു സിഗ്‌നൽ ഇഡുന പാർക്കിൽ നടക്കുന്ന മത്സരത്തിൽ ഗോൾ മഴ തന്നെയാവും ആരാധകർ പ്രതീക്ഷിക്കുന്നത്. ഗോൾ അടിച്ച് കൂട്ടുന്ന ഇരു മുന്നേറ്റങ്ങളും നേർക്കുനേർ വരുമ്പോൾ ഗോൾ വിരുന്ന് പിറക്കും എന്നാണ് പ്രതീക്ഷകൾ. മുൻ ഡോർട്ട്മുണ്ട് പരിശീലകൻ തോമസ് ടുഹലിന്റെ സിഗ്‌നൽ ഇഡുന പാർക്കിലേക്കുള്ള തിരിച്ചു വരവ് കൂടിയാണ് മത്സരം.

നിലവിൽ പതിവ് പോലെ ഫ്രഞ്ച് ലീഗ് കിരീടം ഉറപ്പിച്ച് മുന്നേറുന്ന പി.എസ്.ജി ഗ്രൂപ്പ് ഘട്ടത്തിൽ ഗ്രൂപ്പ് എയിൽ റയൽ മാഡ്രിഡിനെ മറികടന്ന് ഒന്നാമത് ആയി ആണ് പ്രീ ക്വാർട്ടറിൽ കടന്നത്. അതേസമയം ബുണ്ടസ് ലീഗയിൽ മൂന്നാമത് ഉള്ള ഡോർട്ട്മുണ്ട് ഗ്രൂപ്പ് എഫിൽ ബാഴ്‍സലോണക്ക് പിറകെ രണ്ടാമത് ആയി ആണ് പ്രീ ക്വാർട്ടറിൽ എത്തിയത്. ഏതൊരു ടീമിനെയും ഞെട്ടിക്കാൻ സാധിക്കുന്ന മുന്നേറ്റം തന്നെയാണ് ഇരു ടീമിന്റെയും ശക്തി. ഇരുവരുടെയും ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ കണ്ടത്തിയ ടീമുകളും ഇവർ തന്നെയാണ്. ടുഹലിനെ എന്ന പോലെ ആക്രമണ ഫുട്‌ബോളിൽ തന്നെയാണ് ലൂസിയാൻ ഫാവ്രയും വിശ്വസിക്കുന്നത്. മുന്നേറ്റത്തിൽ ഗോൾ അടിച്ചും അടിപ്പിച്ചും വിസ്മയമായ ജേസൻ സാഞ്ചോ എന്ന അത്ഭുതബാലനു ഒപ്പം എർലിങ് ഹാലണ്ട് കൂടി ചേരുമ്പോൾ ഡോർട്ട്മുണ്ട് മുന്നേറ്റം മൂർച്ചയേറിയത് ആവും.

ഇതിനകം സീസണിൽ 10 ൽ ഏറെ ഗോളുകളും അസിസ്റ്റുകളും നൽകിയ താരം ആണ് സാഞ്ചോ. ഹാലണ്ട് ആവട്ടെ സാൽസ്ബർഗിനായി 8 ഗോളുകളുമായി ഈ വർഷത്തെ ചാമ്പ്യൻസ് ലീഗിലെ രണ്ടാമത്തെ ടോപ്പ് സ്കോററും. ഡോർട്ട്മുണ്ടിൽ എത്തിയ കുറഞ്ഞ മത്സരങ്ങൾക്കുള്ളിൽ ഗോളുകൾ അടിക്കുന്നത് ശീലമാക്കിയ ഹാലണ്ട് തന്റെ ഗോളടി മികവ് തുടരാൻ ആവും പി.എസ്.ജിക്ക് എതിരെ ഇറങ്ങുക. നിലവിൽ ഡോർട്ട്മുണ്ടിനായി 6 കളികളിൽ നിന്ന് 9 ഗോളുകൾ ഹാളണ്ട് നേടി കഴിഞ്ഞു. ക്യാപ്റ്റൻ മാർക്കോ റൂയിസിന്റെയും, ജൂലിയൻ ബ്രാന്റിന്റെയും പരിക്ക് വലക്കുന്നുണ്ട് എങ്കിലും തോഗൻ ഹസാർഡ്, അഷ്റഫ് ഹക്കീമി എന്നിവർ അവർക്ക് കരുത്ത് ആകും. എന്നാൽ പ്രതിരോധത്തിലെ പ്രശ്നങ്ങൾ തന്നെയാവും ജർമ്മൻ ടീമിനെ വലക്കുക. ഗോൾ അടിക്കുന്നതിനു ഒപ്പം അനാവശ്യമായി ഗോളുകൾ വഴങ്ങുന്നു എന്നത് ആണ് ജർമ്മൻ ടീം നേരിടുന്ന പ്രശ്നം.

അതേസമയം ഏതാണ്ട് സമാനമായ മുന്നേറ്റം ആണ് പി.എസ്.ജിക്കും ഉള്ളത്. ഗോൾ അടിച്ച് കൂട്ടുന്ന ഫ്രഞ്ച് യുവതാരം കെയിലിൻ എംപപ്പെയും അർജന്റീനൻ താരം മാർക്കോ ഇക്കാർഡിയും ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറും അടങ്ങുന്ന മുന്നേറ്റനിര ലോകത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റം ആണ്. ലീഗ് ഘട്ടത്തിൽ 6 കളികളിൽ നിന്ന് 17 ഗോളുകൾ ആണ് പി.എസ്.ജി നേടിയത്. കഴിഞ്ഞ 23 കളികളിൽ 20 തിലും ജയിച്ച ഫ്രഞ്ച് ടീം ഒരു മത്സരത്തിലും തോൽവി വഴങ്ങാതെ മിന്നും ഫോമിലും ആണ്. പരിക്കിൽ നിന്ന് മുക്തനായി നെയ്മർ ഇറങ്ങുന്നത് ഫ്രഞ്ച് ടീമിന്റെ കരുത്ത് കൂട്ടുന്നു.

പലരും ഇക്കൊല്ലം ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും അധികം സാധ്യത കൽപ്പിക്കുന്ന ടീം കൂടിയാണ് പി.എസ്.ജി. മധ്യനിരയിൽ ആഞ്ചൽ ഡി മരിയ, ട്രാക്‌സ്ലർ തുടങ്ങി മികച്ച താരങ്ങളും പി.എസ്.ജി നിരയിൽ ഉണ്ട്. അതോടൊപ്പം മധ്യനിരയിൽ ഇദ്രീസെ ഗ്യുയെയുടെ പ്രകടനം പി.എസ്.ജിക്ക് നിർണായകമാവും. ആരെയും തോൽപ്പിക്കാൻ ആവും എന്ന ആത്മവിശ്വാസവും ആയി പി.എസ്. ജി വരുമ്പോൾ കഴിഞ്ഞ 16 കളികളിൽ സ്വന്തം മൈതാനത്ത് തോറ്റിട്ടില്ല എന്നത് ആണ് ഡോർട്ട്മുണ്ടിനു ആത്മവിശ്വാസം പകരുന്നത്. ഇതിനു മുമ്പ് ഇരു ടീമുകളും 2 പ്രാവശ്യം പരസ്പരം ഏറ്റുമുട്ടിയപ്പോൾ സമനില ആയിരുന്നു ഫലം. ഹാലണ്ടോ, സാഞ്ചോയോ അല്ല എംപപ്പെയോ നെയ്മറോ ആര് മത്സരത്തിൽ ജയം കണ്ടാലും ഗോൾ മഴ തന്നെയാവും ആരാധകർ ഇന്ന് ജർമ്മനിയിൽ പ്രതീക്ഷിക്കുക.

Advertisement