പയ്യൻ വേറെ ലെവൽ! നെയ്മറിന്റെ ഗോളിന് ഹാളണ്ടിന്റെ മറുപടി, പി.എസ്.ജിയെ തോൽപ്പിച്ച് ഡോർട്ട്മുണ്ട്

- Advertisement -

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യപാദ മത്സരത്തിൽ പി.എസ്.ജിയെ ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ നോർവീജിയൻ യുവതാരം ഹാളണ്ടിന്റെ ഇരട്ടഗോളുകൾ ആണ് ജർമ്മൻ ടീമിന് ജയം സമ്മാനിച്ചത്. പ്രതീക്ഷിച്ചതിൽ നിന്ന് വിഭിന്നമായി വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആയിരുന്നു മത്സരത്തിലെ ഗോളുകൾ പിറന്നത്. രണ്ടാം പകുതിയുടെ 69 മിനിറ്റിൽ ഹസാർഡും ഹക്കീമിയും നടത്തിയ മുന്നേറ്റത്തിൽ നിന്ന് വലത് കാലൻ അടിയിലൂടെ നവാസിനെ മറികടന്ന ഹാളണ്ട് ഡോർട്ട്മുണ്ടിന് ലീഡ് സമ്മാനിച്ചു.

അതിനു മുമ്പ് വലിയ അവസരങ്ങൾ ഒന്നും ലഭിക്കാതിരുന്ന ഹാളണ്ട് കിട്ടിയ അവസരം പാഴാക്കിയില്ല. എന്നാൽ 75 മിനിറ്റിൽ എംപപ്പയുടെ മികച്ച മുന്നേറ്റത്തിൽ നിന്ന് ലഭിച്ച പന്ത് ലക്ഷ്യത്തിൽ എത്തിച്ച നെയ്മർ പി.എസ്.ജിക്കായി നിർണായകമായ എവേ ഗോളും സമനില ഗോളും സമ്മാനിച്ചു. എന്നാൽ 2 മിനിറ്റിനു ശേഷം ഒരു അതുഗ്രം ഇടൻ കാലൻ അടിയിലൂടെ തന്റെ മികവ് ലോകത്തിനു ഒരിക്കൽ കൂടി അറിയിച്ച 19 കാരൻ ആയ ഹാളണ്ട് ഡോർട്ട്മുണ്ടിനു ജയം സമ്മാനിച്ചു. ഡോർട്ട്മുണ്ടിനായി വെറും 7 മത്തെ മത്സരം കളിക്കുന്ന ഹാളണ്ടിന്റെ 11 മത്തെ ഗോൾ ആയിരുന്നു ഇത്. കൂടാതെ ചാമ്പ്യൻസ് ലീഗിൽ പത്താം ഗോളും.

സാൽസ്ബർഗിനായി ഗ്രൂപ്പ് ഘട്ടത്തിൽ 8 ഗോളുകൾ നേടിയ താരം ഇരട്ടഗോളുകളും ആയി ചാമ്പ്യൻസ് ലീഗ് ഗോൾ വേട്ടയിൽ ലെവണ്ടോസ്കിക്ക് ഒപ്പം എത്തി. മധ്യനിരയിൽ തിളങ്ങിയ വിറ്റ്സൽ, ചാൻ എന്നിവരുടെ പ്രകടനം ജർമ്മൻ ടീമിന് നിർണായകമായി. അതേസമയം ഇദ്രീസ ഗയെ നിറം മങ്ങിയ മത്സരത്തിൽ മാർക്കിയോനാസിന്റെ മികവ് ആണ് പി.എസ്.ജിയെ കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്ന് രക്ഷിച്ചത്. എന്നാൽ മഞ്ഞ കാർഡ് കണ്ട മാർക്കോ വേറാറ്റി രണ്ടാം പാദത്തിൽ കളിക്കില്ല എന്നത് പി.എസ്.ജിക്ക് തിരിച്ചടി ആവും. 23 മത്സരങ്ങൾക്ക് ശേഷം തോൽവി വഴങ്ങി എങ്കിലും 2-1 എന്നത് രണ്ടാം പാദത്തിൽ സ്വന്തം മൈതാനത്ത് തിരിച്ചു പിടിക്കാൻ ആവും പി.എസ്.ജി ശ്രമിക്കുക. മാർച്ച് 12 നു ആണ് പാരീസിലെ രണ്ടാം പാദ മത്സരം.

Advertisement