
ചാംപ്യൻസ് ലീഗ് നോകൗട്ട് ലക്ഷ്യമിട്ട് ചെൽസി ഇന്ന് കരാബാഗിൽ. ജയിച്ചാൽ ചെൽസിക്ക് നോകൗട് യോഗ്യത ഉറപ്പിക്കാനാവും. റോമയോട് എതിരില്ലാത്ത 3 ഗോളുകൾക്ക് തൊറ്റ ശേഷം ചാംപ്യൻസ് ലീഗിൽ ആദ്യ മത്സരത്തിനിറങ്ങുന്ന ചെൽസി പക്ഷെ അതിന് ശേഷം പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയാണ് ഇത്തവണ അസർബ്ബയ്ജാനിലേക്ക് എത്തുന്നത്. സ്റ്റാംഫോഡ് ബ്രിഡ്ജിൽ നേരത്തെ കരബാഗിനെ എതിരില്ലാത്ത 6 ഗോളുകൾക്ക് ചെൽസി തകർത്തിരുന്നു. പക്ഷെ അതിന് ശേഷം ശക്തരായ അത്ലറ്റികോ മാഡ്രിഡിനെതിരെ രണ്ടു സമനില പിടിക്കാൻ കരബാഗിന് സാധിച്ചിരുന്നു.
ഇന്നത്തെ റോമ – അത്ലറ്റികോ മത്സരത്തിൽ റോമ സമനില പിടിച്ചാൽ റോമയും ചെൽസിയും തന്നെ ഗ്രൂപ്പിൽ നിന്ന് യോഗ്യത നേടും എന്ന് ഉറപ്പാണ്. ശനിഴാഴ്ച ലിവർപൂളിനെതിരെ പ്രീമിയർ ലീഗ് മത്സരം ഉള്ളതിനാൽ ചെൽസി പരിശീലകൻ അന്റോണിയോ കോണ്ടേ ഏതാനും താരങ്ങൾക് വിശ്രമം അനുവദിച്ചേക്കും. പ്രീമിയർ ലീഗ് മത്സരങ്ങളിൽ അവസരം കുറഞ്ഞ പെഡ്രോ, വില്ലിയൻ, ഡേവിഡ് ലൂയിസ് എന്നിവർ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാവും. ഗോൾ കീപ്പർ തിബോ കോർട്ടോയും കളിക്കാൻ സാധ്യത കുറവാണ്. വിക്ടർ മോസസ് ഒഴികെ കാര്യമായ പരിക്കില്ലാത്തതിനാൽ കൊണ്ടേക്ക് ടീം സെലക്ഷൻ പ്രയാസമാവാൻ ഇടയില്ല.
നിലവിൽ ഗ്രൂപ്പിൽ 8 പോയിന്റുമായി റോമയാണ് ഒന്നാമത്. 7 പോയിന്റുള്ള ചെൽസി രണ്ടാമതും വെറും 4 പോയിന്റ് മാത്രമുള്ള അത്ലറ്റികോ മൂന്നാമതുമാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial