ചാംപ്യൻസ് ലീഗിൽ ചെൽസി-അത്ലറ്റികോ പോരാട്ടം

- Advertisement -

ചാംപ്യൻസ് ലീഗ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ചെൽസി ഇന്ന് അത്ലറ്റികോ മാഡ്രിഡിനെതിരെ. ചെൽസിയുടെ മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മത്സരം അരങ്ങേറുക. ഇന്ന് പുലർച്ചെ 1.15 നാണ് കികോഫ്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത് നിൽകുന്ന ചെൽസിക്ക് ഗ്രൂപ്പ് ചാംപ്യന്മാരാവാൻ സമനില മതിയാവും. റോമക്ക് പിറകിൽ മൂന്നാം സ്ഥാനത്തുള്ള അത്ലറ്റികോക്ക് ഇന്ന് ജയിച്ചാൽ മാത്രമേ എന്തെങ്കിലും സാധ്യത ഒള്ളൂ.

ചെൽസിക്കെതിരെ മെട്രോ പൊലീറ്റാനോയിൽ തോറ്റ ശേഷം ഒരു മത്സരം പോലും തോൽകാതെയാണ് അത്ലറ്റികോ ലണ്ടനിലേക്കെത്തുന്നത്. പ്രീമിയർ ലീഗിൽ ന്യൂ കാസിലിനെതിരായ മത്സരം ജയിച്ചാണ് ചെൽസി ഇന്ന് മത്സരത്തിനിറങ്ങുന്നത്. ചെൽസി നിരയിൽ പരിക്കേറ്റ ഡേവിഡ് ലൂയിസ്, ചാർളി മുസോണ്ട എന്നിവർക്ക് ഇത്തവണയും കളിക്കാനാവില്ല. പക്ഷെ കഴിഞ്ഞ രണ്ടു പ്രീമിയർ ലീഗ് മൽസരങ്ങളിൽ കളിക്കാതിരുന്ന ബകയോക്കോ ടീമിലേക്ക് തിരിച്ചെത്തിയേക്കും. ക്യാപ്‌റ്റൻ ഗാരി കാഹിലും ആദ്യ ഇലവനിൽ തന്നെ കളിക്കാനാണ് സാധ്യത. അത്ലറ്റികോ നിരയിൽ മുൻ ചെൽസി താരം കൂടിയായ ഫെർണാണ്ടോ ടോറസിനും ഫിലിപ്പേ ലൂയിസിനും പഴയ തട്ടകത്തിലേക്കുള്ള മടക്കമാവും ഇന്നത്തെ മത്സരം.

ഗ്രൂപ്പിൽ 10 പോയിന്റുള്ള ചെൽസി അടുത്ത റൗണ്ടിലേക്കുള്ള സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. 8 പോയിന്റുള്ള റോമക്ക് ഇന്ന് കരബാഗിനെതിരായ മത്സരത്തിൽ ജയിച്ചാൽ അടുത്ത റൌണ്ട് ഉറപ്പിക്കാം. റോമ ഇന്ന് കരബാഗിനെതിരായ മത്സരം ജയിക്കാതിരിക്കുകയും അത്ലറ്റികോ ചെൽസിക്കെതിരെ ജയിക്കുകയും ചെയ്താൽ അവർക്ക് റോമയെ മറികടന്ന് അടുത്ത റൗണ്ടിൽ കടക്കാനാവും. അത്ലറ്റികോക്ക് നിലവിൽ 6 പോയിന്റാണ് ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement