പകരം വീട്ടി ബയേൺ, നെയ്മറിനും സംഘത്തിനും ആദ്യ പരാജയം

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിഎസ്ജിയെ ബയേൺ മ്യൂണിക്ക് പരാജയപ്പെടുത്തി. ലോകത്തെ ഏറ്റവും വിലയേറിയ ആക്രമണ നിരയുമായിറങ്ങിയ പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ ഈ സീസണിലെ ആദ്യ പരാജയമറിഞ്ഞു. ഇരട്ട ഗോളുകളുമായി ഫ്രഞ്ച് താരം കൊറേന്റീൻ ടോളീസോയാണ് ബയേണിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ബയേണിന് വേണ്ടി ലെവൻഡോസ്‌കി ആദ്യ ഗോൾ നേടിയപ്പോൾ പിഎസ്ജിയുടെ ആശ്വാസ ഗോൾ എംബപ്പേ നേടി. പാരിസിൽ പിഎസ്ജിയോടേറ്റ തോൽവിക്ക് മധുര പ്രതികാരം കൂടിയാണ് ഈ വിജയം. ഈ മത്സരത്തോടു കൂടി യൂറോപ്പ്യൻ മത്സരങ്ങളിൽ അൻപത് ഗോളുകൾ എന്ന നാഴികക്കല്ല് ലെവൻഡോസ്‌കി പിന്നിട്ടു. കിങ്സ്ലി കോമന്റെയും സ്വെൻ ഉൾറിക്കിന്റെയും തകർപ്പൻ പ്രകടനമാണ് പിഎസ്ജിയെ പിടിച്ച് കെട്ടാൻ ബയേണിന് തുണയായത്.

സ്വപ്നതുല്ല്യമായ തുടക്കമാണ് ബയേൺ മ്യൂണിക്കിന് ലഭിച്ചത്. ലെവൻഡോസ്കിയിലൂടെ 8ആം മിനുട്ടിൽ ബയേൺ ആദ്യ ഗോൾ അടിച്ചു. പിന്നീട് തുടരെ തുടരെ പിഎസ്ജിയുടെ പ്രതിരോധത്തെ ബവേറിയന്മാർ വെല്ലുവിളിച്ചു കൊണ്ടിരുന്നു. എന്നാൽ പതിയെ താളം കണ്ടെത്തിയ നെയ്മറും കൂട്ടരും ബയേണിന്റെ പ്രതിരോധ നിരയെ പരീക്ഷിച്ച് കൊണ്ടിരുന്നു. എന്നാൽ ഗോൾ കണ്ടെത്താൻ പിഎസ്ജിക്കായില്ല. 37ആം മിനുട്ടിൽ ടൊളീസോയിലൂടെ ബയേൺ ലീഡുയർത്തി. ഹാമിഷ് റോഡ്രിഗസിന്റെ ഷോട്ട് തകർപ്പൻ ഹെഡറിലൂടെ ടൊളിസോ ഗോളാക്കി‌ മാറ്റി. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും വീണ്ടും അവസരങ്ങൾ ലഭിച്ചെങ്കിലും പീന്നിട് ഗോളൊന്നും പിറന്നില്ല.

രണ്ടാം പകുതിയിൽ അഞ്ചുമിനുട്ടിനുള്ളിൽ പിഎസ്ജി തിരിച്ചടിച്ചു. എംബപ്പെയായിരുന്നു പിഎസ്ജിക്ക് വേണ്ടി സ്കോർ ചെയ്തത്. ബയേൺ മാനുവൽ നുയെറിനെ മിസ് ചെയ്ത നിമിഷമായിരുന്നു അത്. കാവാനിയുടെ ഹൈ ബോൾ എംബപ്പെ വലയിലാക്കുന്നത് നോക്കി‌നിൽക്കാനേ സ്വെൻ ഉൾറൈക്കിന് സാധിച്ചുള്ളൂ. ഫ്രാങ്ക് റിബറിക്ക് പകരം തോമസ് മുള്ളർ അലയൻസ് അറീനയിലിറങ്ങി. 69 ആം മിനുട്ടിൽ ടൊളീസോ തന്റെ രണ്ടാം ഗോൾ നേടി ബയേണിന്റെ ലീഡുയർത്തി. കിങ്സ്ലി കോമന്റെ സോളോ റണ്ണും തകർപ്പൻ പാസുമാണ് ഗോളിന്റെ ചുക്കാൻ പിടിച്ചത്. പിഎസ്ജിയുടെ പേര് കേട്ട ബ്രസീലിയൻ പ്രതിരോധം ബവേറിയന്മാർക്ക് മുന്നിൽ പരുങ്ങുന്ന കാഴ്ച്ചയാണ് അലയൻസ് അറീനയിൽ കണ്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement