ചാമ്പ്യൻസ് ലീഗ് : ബയേൺ മ്യൂണിക്ക് ഇന്ന് തുർക്കിയിൽ ഇറങ്ങും

- Advertisement -

ചാമ്പ്യൻസ് ലീഗിലെ രണ്ടാം പാദ ഇന്ന് ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ടർക്കിഷ് ചാമ്പ്യന്മാരായ ബെസിക്താസുമായി ഏറ്റുമുട്ടും. അലയൻസ് അറീനയിൽ നടന്ന ആദ്യ പാദത്തിൽ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് ബയേൺ വിജയിച്ചത്. ഈ വമ്പൻ വിജയത്തോടു കൂടി ക്വാർട്ടർ ഉറപ്പിച്ചിരിക്കുകയാണ് ബയേൺ. അട്ടിമറി സാധ്യതകൾ തീരെ ഇല്ലാത്ത മത്സരത്തിൽ ബയേണിന് ഇസ്താംബുളിൽ നേരിടേണ്ടി വരുക സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കുന്ന ബെസിക്താസിന്റെ ആരാധകരെ കൂടിയാണ്. ആർത്തിരമ്പുന്ന ആരാധകർക്ക് മുൻപിൽ ബെസിക്താസ് ശക്തമായ മത്സരം കാഴ്ച വെക്കുമെന്നുറപ്പാണ്.

തോമസ് മുള്ളറും റോബർട്ട് ലെവൻഡോസ്‌കിയും നേടിയ ഇരട്ട ഗോളുകളും കിങ്ങ്ലസി കോമിന്റെ തകർപ്പൻ ഗോളുമാണ് അലയൻസ് അറീനയിൽ ബയേണിനെ വിജയത്തിലേക്ക് നയിച്ചത്. മൈനർ ഇഞ്ചുറി കാരണം അർജെൻ റോബൻ ബയേണിന് വേണ്ടി ഇറങ്ങില്ല. ആദ്യ പാദത്തിൽ പരിക്കേറ്റ് മൂന്നു ബുണ്ടസ് ലീഗ മത്സരങ്ങൾ നഷ്ടപ്പെട്ട ഹാമിഷ് റോഡ്രിഗസ് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. തിയാഗോയും ടീമിൽ തിരിച്ചെത്തും. ബെസിക്താസിനെ അലട്ടുന്നത് പ്രതിരോധത്തിലെ അഭാവമാണ്. ടോമഗോജ് വിദ ആദ്യ പാദത്തിലെ ചുവപ്പ് കാരണം സസ്പെൻഷനിലും പെപ്പെയും ടോസിക്കും പരിക്കിന്റെ പിടിയിലുമാണ്. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്കാണ് കിക്കോഫ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement