ചാമ്പ്യൻസ് ലീഗ് തുടങ്ങി, മെസ്സിയും!! ബാഴ്സലോണക്ക് വമ്പൻ ജയം

- Advertisement -

ബാഴ്സലോണയുടെ ചാമ്പ്യൻസ് ലീഗ് സീസണ് മെസ്സിയുടെ മാന്ത്രിക സ്പർശത്തോടെ തന്നെ തുടക്കം. ഇന്ന് ഡച്ച് ചാമ്പ്യന്മാരായ പി എസ് വിയെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത നാലു ഗോളുകൾക്ക് കാമ്പ്നൗവിൽ ജയിച്ചപ്പോൾ ഹാട്രിക്കുമായി താരമായത് മെസ്സി തന്നെ ആയിരുന്നു. ആദ്യ പകുതിയിൽ 32ആം മിനുട്ടിൽ ഒരു ഗംഭീര ഫ്രീകിക്ക് ഗോളിലൂടെ ആയിരുന്നു മെസ്സി ഈ സീസണിലെ തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ നേടിയത്.

മെസ്സിയുടെ കരിയറിലെ 42ആമത് ഡയറക്ട് ഫ്രീകിക്ക് ഗോളായിരുന്നു ഇത്. 25യാർഡ് അകലെ നിന്നാണ് തന്റെ ഇടം കാലു കൊണ്ട് മെസ്സി ആ ഫ്രീകിക്ക് ലക്ഷ്യത്തിൽ എത്തിച്ചത്.കളിയുടെ 75ആം മിനുട്ടിൽ മറ്റൊരു സുന്ദര സ്ട്രൈക്കിലൂടെ ഡെംബലെ ബാഴ്സയുടെ ലീഡ് ഇരട്ടിയാക്കി. ഡെംബലയുടെ ഗോളും ബോക്സിന് പുറത്ത് നിന്നായിരുന്നു.

ഡെംബലയുടെ ഗോളിന് തൊട്ടു പിറകെ മെസ്സി തന്റെ രണ്ടാം ഗോളും നേടി. റാകിറ്റിചിന്റെ പാസിൽ നിന്നായിരുന്നു മെസ്സിയുടെ രണ്ടാം ഗോൾ. 87ആം മിനുട്ടിൽ മെസ്സി തന്റെ ഹാട്രിക്കും തികച്ചു. സുവാരസിന്റെ പാസിൽ നിന്നായിരുന്നു മെസ്സിയുടെ മൂന്നാം ഗോൾ. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മെസ്സി നേടുന്ന 63ആം ഗോളായി ഇത്.

ബാഴ്സലോണ 3-0 ലീഡിൽ നിൽക്കുമ്പോൾ ബാഴ്സ ഡിഫൻഡർ ഉംറ്റിറ്റി രണ്ടാം മഞ്ഞ കണ്ട് കളം വിട്ടത് ബാഴ്സക്ക് തിരിച്ചടിയായി എങ്കിലും അതിൽ ബാഴ്സ പതറിയില്ല. ഇനി ടോട്ടൻഹാമിനോടാണ് ബാഴ്സയുടെ ചാമ്പ്യൻസ് ലീഗിലെ മത്സരം.

Advertisement