ഗ്രീസ്മാന്റെ ഗോളിൽ സമനില പിടിച്ചു ബാഴ്‍സലോണ, ചുവപ്പ് കാർഡ് കണ്ട് വിദാൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ ബാഴ്‍സലോണ നാപ്പോളി ആദ്യപാദ മത്സരം 1-1 നു സമനിലയിൽ കലാശിച്ചു. ഗെട്ടൂസയുടെ പ്രതിരോധ തന്ത്രങ്ങൾക്ക് മുന്നിൽ നേപ്പിൾസിൽ ബാഴ്‍സലോണ വിയർത്തപ്പോൾ മത്സരം സമനിലയിൽ അവസാനിച്ചു. സർവ്വതും ഉപയോഗിച്ച് പ്രതിരോധിക്കാൻ നാപ്പോളി തീരുമാനിച്ചതോട് കൂടി മെസ്സി അടക്കമുള്ള താരങ്ങൾക്ക് മത്സരത്തിൽ വലുതായി ഒന്നും ചെയ്യാൻ സാധിച്ചില്ല. കൊലുബാലിയുടെ അഭാവത്തിലും കൂട്ടം കൂടി മെസ്സിയെയും ബാഴ്‍സലോണയെ തടഞ്ഞ അവർ അവസരം കിട്ടിയപ്പോൾ എല്ലാം പ്രത്യാക്രമണം നടത്തി. അങ്ങനെ ഒരു പ്രത്യാക്രമണത്തിന്റെ ഫലം ആയിരുന്നു നാപ്പോളി നേടിയ ആദ്യ ഗോൾ. ബാഴ്‍സലോണ പ്രതിരോധത്തിൽ നിന്ന് ലഭിച്ച പന്ത് സിലെൻസ്കിയിൽ നിന്ന് സ്വീകരിച്ച മെർട്ടൻസ് ഒരു അതുഗ്രം ഗോളോടെ നാപ്പോളിക്ക് ലീഡ് സമ്മാനിച്ചു.

ഗോൾ നേടിയതോടെ നാപ്പോളി ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായും ബെൽജിയം താരം മാറി. രണ്ടാം പകുതിയിൽ പക്ഷെ മെർട്ടനസിന് പരിക്കേറ്റു പുറത്ത് പോവേണ്ടി വന്നത് നാപ്പോളിക്ക് വലിയ തിരിച്ചടി ആയി. തുടർന്ന് 57 മിനിറ്റിൽ സെമേദോയുടെ പാസിൽ ഗ്രീസ്മാൻ സമനില ഗോൾ കണ്ടത്തിയതോടെ ബാഴ്‍സലോണ ആരാധകർക്ക് ശ്വാസം നേരെ വീണു. തുടർന്ന് മത്സരത്തിൽ ഗോൾ നേടാൻ ഇടക്ക് നാപ്പോളിക്ക് അവസരം ലഭിച്ചു എങ്കിലും ബാഴ്‍സലോണ കീപ്പർ ടെർസ്റ്റേഗൻ അവരുടെ രക്ഷക്ക് എത്തി. മറുവശത്ത് മെസ്സിയുടെ ഒരവസരം ഒസ്പിനയും രക്ഷിച്ചു. എന്നാൽ കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഫോളിനും പ്രതികരണത്തിനും തുടർച്ചയായി 2 മഞ്ഞ കാർഡുകൾ ലഭിച്ച വിദാൽ ചുവപ്പ് കാർഡ് പോയത് ബാഴ്‍സലോണക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചു.

അതിനു ശേഷം പിക്വക്ക് പരിക്കേറ്റു പുറത്ത് പോവേണ്ടി വന്നതും അവർക്ക് വലിയ തിരിച്ചടി ആയി. കൂടാതെ മഞ്ഞ കാർഡ് ലഭിച്ച ബുസ്കെറ്റ്സ് രണ്ടാം പാദമത്സരം കളിക്കില്ല എന്നതും ബാഴ്‍സലോണക്ക് ആശങ്കകൾ നൽകുന്നുണ്ട്. മത്സരത്തിൽ 68 ശതമാനം പന്ത് കൈവശം വച്ചിട്ടും വെറും 2 ഷോട്ടുകൾ മാത്രമെ ലക്ഷ്യത്തിലേക്ക് ഉതിർക്കാൻ ആയുള്ളു എന്നത് ബാഴ്‍സലോണക്ക് ആശങ്ക പകരുന്ന കാര്യം ആണ്. എന്നാൽ അവേ ഗോളിന്റെ ആനുകൂല്യവും ആയി രണ്ടാം പാദത്തിൽ സ്വന്തം മൈതാനത്തിൽ കളിക്കാം എന്നത് ബാഴ്‍സലോണക്ക് ആശ്വാസം പകരുന്ന വസ്തുത ആണ്. എന്നാൽ മാർച്ച് 19 നു നടക്കുന്ന രണ്ടാം പാദത്തിൽ മെർട്ടൻസ് കളിച്ചേക്കില്ല എന്നത് നാപ്പോളിയെ അലട്ടുമ്പോൾ, പിക്വ, വിദാൽ, ബുസ്കെറ്റ്സ് എന്നിവരുടെ അഭാവം ബാഴ്‍സലോണക്കും പ്രശ്നങ്ങൾ സൃഷ്ടിക്കും.