ടോട്ടൻഹാമിനും ഷോക്ക് നൽകാൻ അയാക്സ് യുവനിര ഇന്ന് ലണ്ടനിൽ

തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനൽ ലക്‌ഷ്യം വെച്ച് ടോട്ടൻഹാം ഇന്ന് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ അയാക്സിനെ നേരിടും. കഴിഞ്ഞ ദിവസം ടോട്ടൻഹാമിന്റെ പുതിയ ഗ്രൗണ്ടിൽ വെസ്റ്റ്ഹാമിനോട് തോൽവിയേറ്റുവാങ്ങിയതിനു പിന്നാലെയാണ് അവർ ഇന്ന് അയാക്സിനെ നേരിടാനിറങ്ങുന്നത്. അതെ സമയം യുവ നിരയുമായി ഇറങ്ങുന്ന അയാക്സ് ചാമ്പ്യൻസ് ലീഗിൽ ചരിത്രം സൃഷ്ട്ടിച്ചു കൊണ്ടാണ് സെമിയിൽ എത്തിയത്. ശക്തരായ റയൽ മാഡ്രിഡിനെയും യുവന്റസിനെയും മറികടന്നാണ് അയാക്സ് യുവനിര സെമി ഉറപ്പിച്ചത്.

പരിക്കും വിലക്കുമാണ് ഇന്നത്തെ സെമി മത്സരത്തിന് ഇറങ്ങുമ്പോൾ ടോട്ടൻഹാമിന്‌ മുൻപിലുള്ള പ്രധാന വെല്ലുവിളി. പരിക്കേറ്റ് സൂപ്പർ താരം ഹാരി കെയ്ൻ പുറത്താണ്. കൂടാതെ വിലക്ക് മൂലം ഇന്നത്തെ മത്സരത്തിൽ സോണും കളിക്കില്ല. ഇതോടെ ഫെർണാണ്ടോ ലൊറെൻറെയാവും ടോട്ടൻഹാം ആക്രമണം നയിക്കുക. ടോട്ടൻഹാം നിരയിൽ ഹാരി വിങ്ക്സ്, എറിക് ലാമേല, സെർജ് ഓറിയർ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. അതെ സമയം സിസോക്കോ പരിക്ക് മാറി പരിശീലനത്തിന് ഇറങ്ങിയത് ടോട്ടൻഹാമിന് ആശ്വാസമാകും.

അതെ സമയം ആക്രമണ ഫുട്ബോൾ മുഖ മുദ്രയാക്കി ടോട്ടൻഹാമിനെ നേരിടുന്ന അയാക്സ് അവരുടെ ഗ്രൗണ്ടിൽ ഒരു ഗോളെങ്കിലും നേടുമെന്നാണ് അയാക്സ് ആരാധകരുടെ പ്രതീക്ഷ. ഈ സീസണിൽ മാത്രം 160 ഗോളുകളാണ് അയാക്സ് നേടിയത്. പ്രമുഖ താരങ്ങളുടെ അഭാവത്തിൽ ലണ്ടനിൽ ചെന്ന് അയാക്സ് വിജയിച്ചു കയറുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Exit mobile version