ചാമ്പ്യൻസ് ലീഗ് : ബാഴ്സലോണ, പി.എസ്.ജി സൂപ്പർ പോരാട്ടം

ചാമ്പ്യൻസ് ലീഗ് നോക്കോട്ട് മത്സരങ്ങളിൽ സൂപ്പർ പോരാട്ടങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. നാളെ പുലർച്ചെ 1.15 നു നടക്കുന്ന മത്സരങ്ങളിൽ ബാഴ്സലോണ പി.എസ്.ജിയെ നേരിടുമ്പോൾ ബൊറുസ്സിയ ഡോർട്ട്മുണ്ടിന്റെ എതിരാളികൾ ബെനഫിക്കയാണ്.

സ്പാനിഷ് ചാമ്പ്യന്മാരും 5 തവണ ചാമ്പ്യൻസ് ലീഗ് വിജയികളുമായ ബാഴ്സലോണയും ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയും നേർക്ക്നേർ വരുമ്പോൾ തീ പാറും പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഗ്രൂപ്പ് സിയിൽ ഒന്നാമതായി നോക്കോട്ടിലേക്ക് യോഗ്യത നേടിയ ബാഴ്സ മികച്ച ഫോമിലാണ്. മെസ്സി, നെയ്മർ, സുവാരസ് എന്നിവർക്കൊപ്പം മധ്യനിരയിൽ റാക്കിറ്റിച്ച്, ബുസ്‌കെറ്റ്സ്, ഇനിയെസ്റ്റ, ഡെന്നീസ് സുവാരസ് എന്നിവരും ഫോമിലെത്തിയിട്ടുണ്ട്. എന്നാൽ പിക്വെ, മഷരാനോ, ഉമിറ്റി എന്നിവരടങ്ങിയ പ്രതിരോധം സ്ഥിരത പുലർത്തുന്നില്ല എന്നത് കാണാതിരുന്ന് കൂടാ. ഒപ്പം അലക്സ് വിദാലിനെ പരിക്ക് മൂലവും അവർക്ക് നഷ്ടപ്പെട്ടു. എന്നാൽ പി.എസ്.ജിക്കെതിരെ മികച്ച റെക്കോർഡുള്ള ബാഴ്സ വിജയപ്രതീക്ഷയിലാണ്.

മറുവശത്ത് നാട്ടിലെ മികവ് യുറോപ്പിൽ തുടരാനുള്ള പരിശ്രമമാണ് പി.എസ്.ജിയുടേത്. ഉനയ് എമറക്ക് കീഴിൽ തുടക്കത്തിലേറ്റ തിരിച്ചടികളിൽ നിന്ന് കരകയറുകയാണവർ. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായി നോക്കോട്ട് യോഗ്യത നേടിയ അവർ സമീപകാലത്ത് മികച്ച ഫോമിലാണ്. മിന്നും ഫോമിലുള്ള എഡിസൺ കവാനിക്ക് പുറമെ ഡി മരിയ, ലൂകാസ് മോറ, വെറാറ്റി എന്നീ താരങ്ങളും ഫോമിലാണ്. ഒപ്പം ക്ലബിനായുള്ള ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം ഗോളടിച്ച് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ജൂലിയൻ ട്രാക്സ്ലർ. എന്നാൽ പ്രതിരോധത്തിൽ പരിക്ക് കാരണം ക്യാപ്റ്റൻ തിയാഗോ സിൽവ കളിക്കാത്തത് അവർക്ക് വലിയ തിരിച്ചടിയാവും. ഇരു പ്രതിരോധവും മെസ്സി, കവാനി എന്നിവരെ എങ്ങനെ തളക്കും എന്നതാവും മത്സരത്തിന്റെ വിധി എഴുതുക. ജയിക്കാനുറച്ച് ബാഴ്സയും സ്വന്തം മൈതാനത്ത് ജയം ലക്ഷ്യമിട്ട് പി.എസ്.ജിയും ഇറങ്ങുമ്പോൾ പാരീസിൽ ഒരു ഗോൾ മഴ തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം.

പോർച്ചുഗീസ് ടീം ബെനഫിക്കയെ നേരിടാനൊരുങ്ങുന്ന ജർമ്മൻ വമ്പന്മാരായ ഡോർട്ട്മുണ്ടിന്റെ  സ്ഥിതി അത്ര ആശാവഹമല്ല. ചാമ്പ്യൻസ് ലീഗിൽ മിന്നും ഫോമിലുള്ള അവർ ഗ്രൂപ്പ് എഫിൽ റയൽ മാഡ്രിഡിനു മുകളിൽ ഒന്നാം സ്ഥാനക്കാരായാണ് നോക്കോട്ട് യോഗ്യത നേടിയത്. ഒപ്പം ആറു മത്സരങ്ങളിൽ 21 ഗോളുകൾ അടിച്ച് കൂട്ടുകയും ചെയ്തു. എന്നാൽ ബുണ്ടസ് ലീഗയിൽ സമീപകാലത്ത് മോശം ഫോം തുടരുന്ന അവർ കഴിഞ്ഞ മത്സരത്തിൽ അതീവ ദുർബലരായ ദമർസ്റ്റാഡിനോട് വരെ തോൽവി വഴങ്ങി. അതിനാൽ തന്നെ കരുതിയാവും തോമസ് തുച്ചലിന്റെ ടീം ഇറങ്ങുക. ഒപ്പം യുവനിരയെക്കാൾ പരിചയസമ്പന്നരെ തുച്ചൽ ആശ്രയിക്കാനും ഇടയുണ്ട്. ആമപയാഗ്, മാർക്കോ റൂയിസ്, ആന്ദ്ര ഷുർലെ, ഡെമ്പേല, ഗോഡ്സെ എന്നിവരടങ്ങിയ മുന്നേറ്റം തന്നെയാണ് ഡോർട്ട്മുണ്ടിന്റെ പ്രധാനശക്തി.

എന്നാൽ മാർക് ഹുമ്മൽസിന്റെ  അഭാവം ഇന്നും വലക്കുന്ന പ്രതിരോധം തുച്ചലിനു തലവേദനയാണ്. മുൻ ബാഴ്സതാരം മാർക് ബാർത്ത നയിക്കുന്ന പ്രതിരോധം എത്രമാത്രം മികവ് പുലർത്തുമെന്നതനുസരിച്ചാവും ഡോർട്ട്മുണ്ടിന്റെ  വിധി എഴുതുക. മറുവശത്ത് ഗ്രൂപ്പ് ബിയിൽ പൊരുതി നേടിയ നോക്കോട്ട് യോഗ്യത വെറുതല്ല എന്ന് തെളിയിക്കാനാവും ബെനഫിക്ക ശ്രമം. ചാമ്പ്യൻസ് ലീഗിൽ മികച്ച അനുഭവപരിചയമുള്ള ബെനഫിക്ക സ്വന്തം മൈതാനത്ത് ഒരട്ടിമറിയാവും ലക്ഷ്യം വക്കുക. ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ടെൻ നെറ്റ് വർക്കിൽ തൽസമയം കാണാവുന്നതാണ്.