മെസ്സി, എമ്പപ്പെ, നെയ്മർ സഖ്യം ഇറങ്ങിയിട്ടും പി എസ് ജിക്ക് ജയം ഇല്ല

20210916 021241

പി എസ് ജിയുടെ ചാമ്പ്യൻസ് ലീഗ് തുടക്കം ദയനീയ രീതിയിൽ. ഇന്ന് ബെൽജിയൻ ക്ലബായ ക്ലബ് ബ്രുഗെയെ നേരിട്ട പി എസ് ജി 1-1ന്റെ സമനില ആണ് വഴങ്ങിയത്. സൂപ്പർ സ്റ്റാർഡ് മെസ്സിക്ക് തന്റെ പി എസ് ജിയിലെ ആദ്യ സ്റ്റാർട് വിജയമില്ലാതെ അവസാനിപ്പിക്കേണ്ടി വന്നു.

ലയണൽ മെസ്സി, എമ്പപ്പെ, നെയ്മർ എന്നീ മൂന്ന് സൂപ്പർ താരങ്ങളെയും ഒരുമിച്ച് ഇറക്കിയാണ് പി എസ് ജി ഇന്ന് മത്സരം ആരംഭിച്ചത്. അവർക്ക് എന്നാൽ അത്ര നല്ല തുടക്കമായിരുന്നില്ല. ക്ലബ് ബ്രുഗെ മികച്ച ഒത്തൊരുമയോടെ കളിച്ചത് കൊണ്ട് തന്നെ മത്സരം ഒപ്പത്തിനൊപ്പം എന്ന രീതിയിലാണ് മുന്നേറിയത്. എന്നാൽ 15ആം മിനുട്ടിൽ എമ്പപ്പെയുടെ ചടുല നീക്കം പി എസ് ജിയെ മുന്നിൽ എത്തിച്ചു. ഇടതു വിങ്ങിൽ നിന്ന് കയറി വന്ന് എമ്പപ്പെ നൽകിയ പാസ് മനോഹരമായി ആൻഡെർ ഹെരേര വലയിൽ എത്തിച്ചു. ഹെരേരയുടെ അവസാന രണ്ടു മത്സരങ്ങൾക്ക് ഇടയിലെ മൂന്നാം ഗോളായിരുന്നു ഇത്.

പക്ഷെ ഈ ഗോളിൽ ഒന്നും ആതിഥേയർ പതറിയില്ല. പെട്ടെന്ന് തന്നെ പി എസ് ജിക്ക് മറുപടി കൊടുക്കാൻ ക്ലബ് ബ്രുഗെക്ക് ആയി. 27ആം മിനുട്ടിൽ വനാകെന്റെ വക ആയിരുന്നു ബെൽജിയൻ ക്ലബിന്റെ തിരിച്ചടി. പിന്നീട് ഇരുവശത്തും അവസരങ്ങൾ പിറന്നു. മെസ്സിയുടെ ഒരു ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടി മടങ്ങുന്നത് കണ്ടു.

രണ്ടാം പകുതി ഹോം ടീമാണ് മികച്ച രീതിയിൽ തുടങ്ങിയത്. നല്ല അവസരങ്ങൾ പക്ഷെ അവർ തുലച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ എമ്പപ്പെക്ക് പരിക്കേറ്റത് പി എസ് ജിക്ക് തിരിച്ചടിയായി. മത്സരം 60 മിനുട്ട് കഴിഞ്ഞപ്പോൾ പതിയെ പി എസ് ജി കളിയിൽ താളം കണ്ടെത്തി. മെസ്സിയുടെ ഒരു ഷീട്ട് മിഗ്നൊലെ മികച്ച രീതിയിൽ സേവ് ചെയ്യുന്നതും കാണാനായി. എങ്കിലും ഹാഫ് ചാൻസുകൾക്ക് അപ്പുറം വലിയ അവസരങ്ങൾ സൃഷ്ടിക്കാൻ പി എസ് ജിക്ക് ആയില്ല. അതുകൊണ്ട് തന്നെ നിരാശയാർന്ന സമനിലയുമായി അവർക്ക് മടങ്ങേണ്ടി വന്നു.