ബെർണാബുവിലെ സമനിലക്ക് പകരം വീട്ടാൻ റയൽ മാഡ്രിഡ്, നോക്ഔട്ട് ലക്‌ഷ്യം വെച്ച് സ്പർസ്‌

- Advertisement -

ബെർണാബുവിൽ തങ്ങളെ സമനിലയിൽ തളച്ച ടോട്ടൻഹാം ഹോട്സ്പറിനോട് പക വീട്ടാനായി യൂറോപ്പ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് വെംബ്ലിയിൽ ഇന്ന് ഇറങ്ങും. വെംബ്ലിയിൽ ഇന്ന് ജയിക്കുന്ന ടീം അവസാന പതിനാറിലേക്ക് ഒരു പടി കൂടെ അടുക്കും എന്നതിനാൽ പൊടിപാറും മത്സരം തന്നെ പ്രതീക്ഷിക്കാം.

നിലവിൽ ഗ്രൂപ്പ് എച്ചിൽ ഗോൾ ശരാശരിയുടെ പിൻബലത്തിൽ ഒന്നാമതാണ് പോച്ചെറ്റീനോയുടെ സ്പർസ്‌, ബെർണാബുവിൽ റയലിനെ സമനിലയിൽ തളച്ചു എങ്കിലും കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് പരാജയപ്പെട്ടതിന്റെ ക്ഷീണം അകറ്റാൻ സ്പര്സിനു വിജയം അനിവാര്യമാണ്. പരിക്കിൽ നിന്നും മുക്തനായി ഹാരി കെയ്ൻ ടീമിലേക്ക് തിരിച്ചെത്തിയത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

അതെ സമയം ലാലിഗയിൽ ജിറോനക്കെതിരെ സംഭവിച്ച അപ്രതീക്ഷിത പരാജയത്തിന്റെ ഞെട്ടലിലാണ് റയൽ മാഡ്രിഡ് ഉളളത്. സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ നേരിടുന്ന ഗോൾ വരൾച്ചക്ക് പരിഹാരമാവും എന്ന പ്രതീക്ഷയിലാണ് സിദാനും സംഘവും ഉളളത്. പരിക്ക് മൂലം ബെയ്ൽ, വരാനെ എന്നിവരൊന്നും മത്സരത്തിൽ ഉണ്ടാവില്ല.

അഞ്ചു തവണയാണ് റയൽ മാഡ്രിഡ് സ്പര്സിനെ ഇതിനു മുൻപ് നേരിട്ടിട്ടുളളത്, മൂന്നിലും വിജയം കണ്ടെത്തിയ റയൽ രണ്ടു തവണ സമനില വഴങ്ങി. ഇന്ത്യൻ സമയം പുലർച്ചെ 1.15നു ആണ് കിക്കോഫ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement