ഫുട്ബോൾ ബ്ലഡി ഹെൽ!! ത്രില്ലറുകളെ വെല്ലുന്ന ത്രില്ലർ കടന്ന് ടോട്ടൻഹാം ചാമ്പ്യൻസ് ലീഗ് സെമിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ കണ്ട ഫുട്ബോൾ മത്സരം ആരും മറക്കാൻ സാധ്യതയില്ല. അറ്റാക്കിങ് ഫുട്ബോൾ എന്നാൽ ഇതാവണം എന്ന് ആരും പറഞ്ഞു പോകുന്ന മത്സരം. കണ്ണടച്ചു തുറക്കും മുമ്പ് ഒരോ പോസ്റ്റിലും മാറി മാറി ഗോൾ വീണ മത്സരം. ആ മത്സരത്തിന് ഒടുവിൽ ഏറ്റവും ഒടുവിൽ മാഞ്ചസ്റ്റർ സിറ്റിയെ എവേ ഗോളിന് കീഴടക്കി സ്പർസ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തു.

ഇന്ന് മത്സരം തുടങ്ങുമ്പോൾ ആദ്യ പാദത്തിലെ 1-0ന്റെ പരാജയം സിറ്റിക്ക് മറികടക്കേണ്ടതുണ്ടായിരുന്നു. കളി തുടങ്ങി വെറും നാലു മിനിറ്റ് മാത്രമേ വേണ്ടിയിരുന്നുള്ളൂ സിറ്റിക്ക് ആദ്യ ഗോൾ കണ്ടെത്താൻ. ഡി ബ്രുയിന്റെ മാരക പാസിൽ നിന്നൊരു സ്റ്റെർലിംഗിന്റെ മാരക ഫിനിഷ്. ആ ഗോൾ സിറ്റിയുടെ ആധിപത്യത്തിലേക്ക് നയിക്കും എന്നാണ് എല്ലാവരും കരുതിയത്.

എന്നാൽ പിന്നീട് കണ്ടത് സോണിന്റ താണ്ഡവം ആയിരുന്നു. ഏഴാം മിനുട്ടിൽ സിറ്റി ഡിഫൻസിന്റെ പിഴവ് മുതലൊടുത്ത് സോണിന്റെ ആദ്യ ഗോൾ. പത്താം മിനുട്ടിൽ വീണ്ടും ഒരു സോൺ ഫിനിഷ്ം ഇത്തവണ ബോക്സിന്റെ വലതു കോർണറിൽ. എഡേഴ്സണ് തൊടാൻ വരെ കഴിഞ്ഞില്ല. സ്കോർ സ്പർസ് 2-1 സിറ്റി ( അഗ്രിഗേറ്റ്; സ്പർസ് 3-1 സിറ്റി)

ഇനി സിറ്റിക്ക് മടക്കമില്ല എന്ന് ചിന്തിക്കാനുള്ള സമയം വരെ ആർക്കും തന്നില്ല. 11ആം മിനുട്ടിൽ ബെർണാഡോ സിൽവയുടെ ഗോൾ. സ്കോർ 2-2. പിന്നെയും തുടരെ അറ്റാക്ക്. സിറ്റിക്ക് ഇനിയും രണ്ട് ഗോൾ വേണം സെമിയിലേക്ക് കടക്കാൻ എന്ന അവസ്ഥ. 21ആം മിനുട്ടിൽ വീണ്ടും ഡിബ്രുയിൻ സ്റ്റെർലിംഗ് സഖ്യം ഒന്നിച്ചു. ഡിബ്രുയിന്റെ പാസ് സ്റ്റർലിങിന്റെ ഫിനിഷ്. സ്കോർ സിറ്റി 3-2 സ്പർസ്. അഗ്രിഗേറ്റിൽ 3-3. എവേ ഗോളിന്റെ മുൻ തൂക്കം അപ്പോഴും സ്പർസിന് അനുകൂലം.

പിന്നീട് മത്സരം ഇത്തിരി കരുതലോടെ മുന്നോട്ട് പോയി. ആദ്യ പകുതിയിൽ പിന്നെ ഗോൾ പിറന്നില്ല. രണ്ടാം പകുതിയിൽ സിറ്റിക്ക് കളിയിൽ മേധാവിത്വം തോന്നിപ്പിച്ചു. 59ആം മിനുട്ടിൽ അഗ്വേറോയുടെ ഗോൾ. വീണ്ടുമൊരു ഡിബ്രുയിൻ അസിസ്റ്റ്. സിറ്റി 4-2 സ്പർസ്. അഗ്രിഗേറ്റിൽ 4-3. സിറ്റിക്ക് അനുകൂലം.

അവസാനം സിറ്റി ആരാധകരും താരങ്ങളും ഒന്ന് ശ്വാസം കഴിച്ചു. സെമിയിലേക്ക് പോവുകയാണെന്ന് പെപു സംഘവും ഉറപ്പിച്ചു. പക്ഷെ ഫുട്ബോളിൽ അങ്ങനെ ഒരു ഉറപ്പും ഇല്ല. 73ആം മിനുട്ടിൽ സിറ്റി സ്റ്റേഡിയം നിശബ്ദമാക്കി കൊണ്ട് യൊറന്റേയുടെ ഗോൾ. സ്കോർ സിറ്റി 4-3. അഗ്രിഗേറ്റ് 4-4. സ്പർസ് എവേ ഗോളിൽ മുന്നിൽ.

നാടകം അവസാനിച്ചില്ല. കളി ഇഞ്ച്വറി ടൈമിൽ. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി സ്റ്റെർലിങിന്റെ ഗോൾ. മാഞ്ചസ്റ്റർ സിറ്റി അതിരുവിട്ട ആഹ്ലാദത്തിൽ. പെപ് ഗ്വാർഡിയോള അടക്കം എല്ലാവരും മതിമറന്ന് ആഹ്ലാദത്തിൽ. സിറ്റി സെമിയിൽ എന്ന് കരുതിയ അവർക്ക് ഒക്കെ തെറ്റി. വാറിന്റെ വിളി വന്നു. ഓഫ്സൈഡ്. മാഞ്ചസ്റ്റർ സിറ്റി ഹൃദയം തകർന്നു. ടോട്ടൻഹാം ചരിത്ര നേട്ടവുമായി സെമിയിലേക്ക്. സെമിയിൽ അയാക്സ് ആകും ടോട്ടൻഹാമിന്റെ എതിരാളികൾ.