ആൻഫീൽഡ് നിറയെ ചാമ്പ്യന്മാരുടെ കണ്ണീർ, സിമിയോണിയുടെ തന്ത്രങ്ങളിൽ കുരുങ്ങി ലിവർപൂളിന് ചരമം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അത്ലറ്റിക്കോ മാഡ്രിഡും ലിവർപൂളും തമ്മിലുള്ള പ്രീക്വാർട്ടർ പോരിന്റെ ആദ്യ പാദത്തിൽ ലിവർപൂൾ 1-0ന്റെ പരാജയം ഏറ്റുവാങ്ങിയപ്പോൾ ആരും അത് നിലവിലെ ചാമ്പ്യന്മാരുടെ പുറത്തേക്കുള്ള വഴി ആണെന്ന് കരുതിയില്ല. ആ മത്സര ശേഷം ലിവർപൂർ പരിശീലകൻ ക്ലോപ്പും പറഞ്ഞു. “ആൻഫീൽഡിൽ ആണ് രണ്ടാം പാദം കളിക്കേണ്ടത് എന്ന് ഓർക്കുക” എന്ന്. പക്ഷെ ആ ആൻഫഡിനും ഇന്ന് ലിവർപൂളിനെ രക്ഷിക്കാനായില്ല. സിമിയോണിയുടെ ഡിഫൻസീവ് തന്ത്രങ്ങൾ കലക്കികുടിച്ച് ഇറങ്ങിയ അത്ലറ്റിക്കോ മാഡ്രിഡ് ലിവർപൂളിനെ തകർത്ത് കൊണ്ട് ക്വാർട്ടർ ഫൈനലിലേക്ക് മാർച്ച് ചെയ്തു.

ഇന്ന് ലിവർപൂളിനെതിരെ കളിയുടെ ഭൂരിഭാഗവും ഡിഫൻഡ് ചെയ്തു എങ്കിലും 3-2ന്റെ വിജയം നേടിക്കൊണ്ട് ലിവർപൂളിനെ ചാമ്പ്യൻസ് ലീഗിന്റെ പടിക്ക് പുറത്താക്കാൻ അത്ലറ്റിക്കോ മാഡ്രിഡിനായി. 4-2ന്റെ അഗ്രിഗേറ്റ് വിജയമാണ് അത്ലറ്റിക്കോ മാഡ്രിഡിനെ ക്വാർട്ടറിലേക്ക് എത്തിക്കുന്നത്. മത്സരത്തിൽ തുടക്കം മുതൽ ഗോളിനായി ശ്രമിച്ച ലിവർപൂളിന് ആശ്വാസം നൽകിയ ഗോൾ വന്നത് വൈനാൾഡത്തിലൂടെ ആയിരുന്നു. 43ആം മിനുട്ടിൽ ഒരു ഗംഭീര ഹെഡറിലൂടെ ആയിരുന്നു വൈനാൾഡത്തിന്റെ ഗോൾ. ഈ ഗോൾ കളി അഗ്രിഗേറ്റിൽ 1-1 എന്നാക്കി.

രണ്ടാം പകുതിയിൽ ഒബ്ലക് ലിവർപൂളിന്റെ അറ്റാക്കിന്റെയൊക്കെ അറ്റത്ത് തടസ്സമായി നിന്നു. ഒബ്ലാക്കിന്റെ സേവുകൾ ഗോളെന്ന് ഉറച്ച നിരവധി അവസരങ്ങൾ ഇല്ലാതെയാക്കി. അവസാനം നിശ്ചിത സമയത്ത് 1-1 എന്ന അഗ്രിഗേറ്റ് സ്കോർ ആയതിനാൽ കളി എക്സ്ട്രാ ടൈമിലേക്ക് കടന്നു. എക്സ്ട്രാ ടൈമിലെ രണ്ടാം മിനുട്ടിൽ ലിവർപൂൾ ആഗ്രഹിച്ച രണ്ടാം ഗോൾ വന്നു. ഫർമീനോയുടെ വകയായിരുന്നു ഗോൾ.

ഈ ഗോൾ ലിവർപൂളിനെ ഇന്നത്തെ കളിയിൽ 2-0നും അഗ്രിഗേറ്റിൽ 2-1നും മുന്നിൽ എത്തിച്ചു. വിജയം ഉറപ്പിച്ചു എന്ന് കരുതി ആശ്വസിച്ച ലിവർപൂളിന് തെറ്റി. ലിവർപൂൾ ഗോൾകീപ്പർ അഡ്രിയന്റെ പിഴവ് മുതലെടുത്ത് 97ആം മിനുട്ടിൽ യൊറെന്റെയുടെ സ്ട്രൈക്ക്. ആൻഫീൽഡ് നിശബ്ദമായി. സ്കോർ 2-1, അഗ്രിഗേറ്റിൽ 2-2. എവേ ഗോളിന്റെ മുൻതൂക്കവും അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം. ആ ഷോക്ക് തീരും മുമ്പ് വീണ്ടും ലിവർപൂൾ വല കുലുങ്ങി.

105ആം മിനുട്ടിൽ വീണ്ടും യൊറെന്റെ തന്നെ അഡ്രിയനെ കീഴ്പ്പെടുത്തി. സ്കോർ 2-2, അഗ്രിഗേറ്റിൽ ലിവർപൂൾ 2-3 അത്ലറ്റിക്കോ. അവസാന 15 മിനുട്ടിൽ ലിവർപൂൾ എല്ലാം നൽകി പൊരുതിയെങ്കിലും സിമിയോണിയുടെ ഡിഫൻസിനെ മറികടക്കാൻ ആയില്ല. ഫൈനൽ വിസിലിനു തൊട്ടുമുമ്പ് മൊറാട്ടയിലൂടെ മൂന്നാം ഗോളും നേടി ആൻഫീൽഡിൽ ഒരു വിജയത്തിന് അടിവരയിടാൻ അത്ലറ്റിക്കീയ്ക്ക് ആയി. അവസാന രണ്ടു സീസണിലും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയ ടീമിനെയാണ് അത്ലറ്റിക്കോ പുറത്താക്കിയത്.