സെവിയ്യക്ക് മുന്നിൽ നാണം കെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഓൾഡ്ട്രാഫോർഡിൽ വീഴ്ത്തി സെവിയ്യ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. രണ്ടാം പകുതിയിൽ നാലു മിനുട്ടിനിടെ പിറന്ന സെവിയ്യയുടെ രണ്ട് ഗോളുകളാണ് ഓൾഡ്ട്രാഫോർഡിനെ തന്നെ നിഷ്ബദമാക്കിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ന് സെവിയ്യ വിജയിച്ചത്. സ്പെയിനിൽ നടന്ന ആദ്യ പാദ മത്സരം ഗോൾരഹിതമായി അവസാനിച്ചിരുന്നു.

ലിവർപൂളിനെതിരെ പ്രീമിയർലീഗിൽ വിജയിച്ച ആത്മവിശ്വാസത്തിലാണ് യുണൈറ്റഡ് എത്തിയത് എങ്കിലും മത്സരത്തിൽ യുണൈറ്റഡ് വളരെ മോശം പ്രകടനമാണ് നടത്തിയത്. മാറ്റിച്ചിനൊപ്പം ഫെല്ലൈനിയേ മധ്യനിരയിൽ ഇറക്കാനുള്ള മൗറീന്യോയുടെ തീരുമാനം പിഴക്കുന്നതാണ് ഇന്ന് കണ്ടത്. ആദ്യ പകുതി മുതൽ തന്നെ എവേ ടീമായ സെവിയ്യ ആധിപത്യമാണ് കളിയിൽ കണ്ടത്. ഹൂഫ് ബാൾ ടാക്ടിക്സുമായി ഇറങ്ങിയ മൗറീന്യോയുടെ യുണൈറ്റഡിന് കളിയിൽ ഒരു മികച്ച മുന്നേറ്റം വരെ നടത്താനായില്ല.

74ആം മിനുട്ടിലും 78ആം മിനുട്ടിലും ബെൻ യെഡറാണ് സെവിയ്യയുടെ ഗോളുകൾ നേടിയത്. ആദ്യ ഗോളിൽ തന്നെ കളി കൈവിട്ടെന്ന് തോന്നിയ യുണൈറ്റഡ് രണ്ടാം ഗോളോടെ ചിത്രത്തിലേ ഇല്ലാതായി. ഡിഹിയയുടെ മികവില്ലായിരുന്നു എങ്കിൽ ഇതിലും നാണംകെട്ട പരാജയം യുണൈറ്റഡ് ഓൾഡ്ട്രാഫോർഡിൽ നേരിടേണ്ടി വന്നേനെ.

ലുകാകുവിലൂടെ ഒരു ഗോൾ യുണൈറ്റഡ് മടക്കി എങ്കിലും അതൊന്നും യുണൈറ്റഡ് ആരാധകർക്ക് ഒരു ആശ്വാസവും നൽകില്ല. ഇനി എഫ് എ കപ്പ് മാത്രമാണ് യുണൈറ്റഡിന് സീസണിൽ കിരീട പ്രതീക്ഷയായി അവസാനിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement