
ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ന് സെവിയ്യ സ്വന്തം ഗ്രൗണ്ടിൽ ബയേൺ മ്യൂണിക്കിനെ നേരിടും. സെവിയ്യയുടെ ചരിത്രത്തിൽ ഇതുവരെ അവർ ചാമ്പ്യൻസ് ലീഗ് സെമി പ്രവേശനം നേടിയിട്ടില്ല. ജർമൻ കരുത്തരെ മറികടന്ന് ആ ചരിത്രം തിരുത്താനവുംസെവിയ്യയുടെ ശ്രമം. ഓൾഡ് ട്രാഫോർഡിൽ യുണൈറ്റഡിനെ മറികടന്നാണ് സെവിയ്യ ക്വാർട്ടർ ഉറപ്പിച്ചത്. രണ്ടു പാദങ്ങളിലുമായി യൂണൈറ്റഡിനെതിരെ 2-1ന്റെ വിജയമാണ് സെവിയ്യ സ്വന്തമാക്കിയത്. ബെസിക്റ്റസിനെ ഏകപക്ഷീയമായി തോൽപ്പിച്ചാണ് ബയേൺ ക്വാർട്ടർ ഉറപ്പിച്ചത്. രണ്ടു പാദങ്ങളിലുമായി 8-1നാണ് ബയേൺ ജയം സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസം ലാ ലീഗയിൽ ബാഴ്സലോണക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും മെസ്സി മാജിക്കിൽ സമനിലയിൽ കുടുങ്ങിയാണ് സെവിയ്യ വരുന്നത്. 2-0 ന് ബാഴ്സലോണക്കെതിരെ ലീഡ് നേടിയ ശേഷം പകരക്കാരനായി ഇറങ്ങിയ മെസ്സിയുടെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ബാഴ്സലോണ സമനില പിടിക്കുകയായിരുന്നു. സെവിയ്യ നിരയിൽ വിലക്ക് മൂലം എവർ ബനെഗ ഇന്നത്തെ മത്സരത്തിന് ഉണ്ടാവില്ല.
ബുണ്ടസ് ലീഗയിൽ ഡോർട്മുണ്ടിനെ ഏകപക്ഷീയമായ ആറു ഗോളുകൾക്ക് നാണം കെടുത്തിയാണ് ബയേൺ ഇന്ന് ഇറങ്ങുക. മത്സരത്തിൽ ഹാട്രിക് നേടിയ സ്ട്രൈക്കർ ലെവൻഡോസ്കി മികച്ച ഫോമിലാണ്. ബുണ്ടസ് ലീഗയിൽ അടുത്ത മത്സരം ജയിച്ചാൽ ബയേൺ മ്യൂണിക്കിന് കിരീടം ഉയർത്താം. ബയേൺ നിരയിൽ പരിക്കുമൂലം ഗോൾ കീപ്പർ മാനുവൽ ന്യൂയറും കോമനും ഇന്ന് ഉണ്ടാവില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial